Dec 29, 2009

3 ഇഡിയറ്റ്സ്സംവിധാനം : രാജ്‌കുമാർ ഹിരാനി
കഥ :ചേതന്‍ ഭഗവത്
തിരക്കഥ : രാജ്‌കുമാർ ഹിരാനി, അഭിജിത് ജോഷി
നിര്‍മ്മാണം : വിനോദ് ചോപ്ര
സംഗീതം: ശന്തനു മൌയിത്ര
അഭിനേതാക്കള്‍ : അമീര്‍ ഖാന്‍, മാധവന്‍, ഷര്‍മന്‍ ജോഷി, ബൊമ്മന്‍ ഇറാനി, കരീനകപ്പൂര്‍ തുടങ്ങിയവര്‍മുന്നാഭായി ചിത്രങ്ങളിലൂടെ പ്രശസ്തനായ രാജ്‌കുമാർ ഹിരാനിയുടെ ഏറ്റവും പുതിയ ചിത്രമാണ് 3 ഇഡിയറ്റ്സ്. അമീന്‍ഖാനും മാധവനും ഷര്‍മ്മനും 23കാരമ്മാരായ കോളേജ് കുമാരന്‍മാരായി അഭിനയിക്കുന്നു എന്നതും. അമീര്‍ഖാന്റെ കഴിഞ്ഞ കുറേകാലങ്ങളായുള്ള ഫിലിം സെലക്ഷനും കൊണ്ടുതന്നെ വളരെ അധികം പ്രതീക്ഷ വെച്ച് പുലര്‍ത്തിയ ചിത്രമാണ് ഇത്. കൂടാതെ മുന്നാഭായി ചിത്രം കഴിഞ്ഞ് ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രം എന്നതുകൊണ്ടുതന്നെ പ്രതീക്ഷകളുടെ അമിതഭാരമാണ് ചിത്രത്തിന്. ചേതന്‍ ഭഗവതിന്റെ ഫൈവ് പോയന്റ് സംവണ്‍സ് എന്ന ബെസ്റ്റ് സെല്ലര്‍ നോവനിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


ഫര്‍ഹാന്‍ ഖുറേഷി(മാധവന്‍), രാജു റസ്തോഗി(ഷര്‍മന്‍ ജോഷി) എന്നീ രണ്ട് സുഹൃത്തുക്കള്‍ തങ്ങളുടെ കൂടെ എഞ്ചീനീയറിങ്ങ് കോളേജില്‍ പഠിച്ച രാഞ്ചോഡ്ദാസ് ശ്യാമില്‍ദാസ് ഛാഞ്ചോഡ്(അമീര്‍ ഖാന്) എന്ന സുഹൃത്തിനെ അന്വേഷിച്ച് നടത്തുന്ന യാത്രയാണ് കഥ അതിനിടയില്‍ അവരുടെ കോളേജ് ലൈഫും വരുന്നു. കോളേജില്‍ 3 ഇഡിയറ്റ്സ് എന്ന് അറിയപ്പെടുന്ന ഇവര്‍ കോളേജ് കഴിഞ്ഞ ശേഷം രാഞ്ചോഡ്ദാസിനെ കണ്ടിട്ടില്ല. കോളേജില്‍ ഇവരുടെ കൂടെ ഉണ്ടായിരുന്ന ചധുര്‍ രാമലിംഗം എന്ന ഇവരുടെ ശത്രുവില്‍ നിന്നാണ് രാഞ്ചോഡ്ദാസിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത് ആയാത്രയില്‍ അവര്‍ രാഞ്ചോഡ്ദാസിനെ പ്രേമിച്ച പെണ്ണിനെയും കല്യാണപന്തലില്‍നിന്നും പൊക്കുന്നു. രാഞ്ചോഡ്ദാസ് ഒരു "കൂള്‍ ഗയ്" ആണ് അവന്‍ ഇവരുടെ എല്ലാവരുടെ ജീവിതത്തിലും ഒരുപാട് സ്വാധീനം ഉണ്ടാക്കിയിട്ടുള്ള ആളാണ്.... രാഞ്ചോഡ്ദാസ് ഇപ്പോ എവിടെയാണ് അവന്‍ എന്തിനാണ് എല്ലാവരില്‍ നിന്നും മാറിനില്‍ക്കുന്നത് എന്നതാണ് ബാക്കി കഥ.


സിനിമയെ പറ്റി എന്താ പറയേണ്ടത് സൂപ്പര്‍ബ്.... ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ല. മനോഹരമായ തിരക്കഥ. ഓരോ കഥാപാത്രങ്ങള്‍ക്കും സ്വന്തം വ്യക്തിത്വം... ഓരോ കഥാപാത്രങ്ങളും ശ്രദ്ധേയം... മനോഹരമായ കഥ... ലോജിക്കിന്റെ ചെറിയ പ്രശ്നം ഉണ്ടെങ്കിലും നമുക്ക് അതെല്ലാം മറക്കാം, രസകരമായ കഥാഗതി, സിനിമക്ക് നീളക്കൂടുതല്‍ ഉണ്ടെങ്കിലും ഒരു നിമിഷം പോലും ബോറഡിക്കില്ല.


മൂന്ന് ഇഡിയറ്റുകളെ പറ്റി എന്താ പറയുക മൂന്നുപേരും കഥാപാത്രങ്ങളായി ജീവിക്കുകയാണ്... 40 കാരനായ അമീര്‍ ആണ് 23 വയസ്സ്കാരനായ രാഞ്ചോഡ്ദാസ് ശ്യാമില്‍ദാസ് ഛാഞ്ചോഡ് ആയി അഭിനയിച്ചത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുക പ്രയാസം കിളവമ്മാരായ മലയാള സൂപ്പര്‍ വേസ്റ്റുകള്‍ ഇവരെയൊക്കെ കണ്ട് പഠിക്കണം. മാധവനും ഷര്‍മന്‍ ജോഷിയും കട്ടക്ക് കട്ട പിറകെയുണ്ട്... എന്നാല്‍ ഇവരെയും കടത്തിവെട്ടുന്നത് "വൈറസ്" എന്ന ബൊമ്മന്‍ ഇറാനിയാണ്... ഹൊ! എനിക്കിനിയും പുകഴ്ത്താന്‍ വയ്യ!!!
കരീന പേരിന് വന്നിട്ട് പോകുന്നു കാര്യമായിട്ടൊന്നും ചെയ്യാനില്ല... എന്നാലും സ്ഥിരം മസാല വേഷങ്ങളില്‍ നിന്നും മാറി നിക്കുന്ന ഒരു നായിക വേഷമാണ് ഇതില്‍. മറ്റൊരു ശ്രദ്ധേയ കഥാപാത്രം ചധുര്‍ രാമലിംഗം എന്ന കഥാപാത്രം അവതരിപ്പിച്ച ഓമി വൈദ്യ ആണ്...

ഗാനങ്ങള്‍ കഥയുടെ മൂഡിനനുസരിച്ച് പോകുന്നുണ്ട്... നിങ്ങള്‍ ഒരിക്കലും മിസ്സ് ചെയ്യാന്‍ പാടില്ലാത്ത ഒരു ചിത്രമാണ് ഇത്. സിനിമ കാണുമ്പോ ഒരിക്കലെങ്കിലും രാഞ്ചോഡ്ദാസ് ശ്യാമില്‍ദാസ് ഛാഞ്ചോഡിന്റെ കൂടെ ആ ക്യാമ്പസ്സില്‍ പഠിക്കാന്‍ കൊതിതോന്നാത്തവരില്ല... 3 ഇഡിയറ്റ്സ് ആകാന്‍ കൊതിക്കാത്തവരും.


ഒന്നുരണ്ട് ലോജിക്കിന്റെ പ്രശ്നങ്ങള്‍ കഥയ്ക്ക് ഉണ്ട് എന്നാല്‍ അത് നിങ്ങളുടെ സിനിമാ ആസ്വാദനത്തിന് തടസമാകും എന്നതിനാല്‍ പറയുന്നില്ല... എന്തൊക്കെ പറഞ്ഞാലും മലയാള സിനിമയില്‍ ഇങ്ങനെ ഒരു ചിത്രം 20 വര്‍ഷം കഴിഞ്ഞാലും വരും എന്ന് എനിക്ക് തോന്നുന്നില്ല.


എന്റെ റേറ്റിങ്ങ് : 4.6/5


Dec 24, 2009

വേട്ടക്കാരന്‍കഥ, സംവിധാനം : ബാബു ശിവന്‍
നിര്‍മ്മാണം : എം. ബാലസുബ്രമണ്യം (എ വി എം)
സംഗീതം: വിജയ് ആന്റണി
അഭിനേതാക്കള്‍ : വിജയ്, അനുഷ്ക, ശ്രീഹരി, സലിം ഗൌഡ് തുടങ്ങിയവര്‍


ബാബുശിവന്റെ കന്നി സംവിധാന സംരംഭമാണ് വേട്ടക്കാരന്‍. പതിവ് വിജയ് മസാല ഫോര്‍മാറ്റില്‍ തന്നെയാണ് ഇതിന്റെയും വരവ്. കഴിഞ്ഞ 4-5 വര്‍ഷത്തിനുള്ളില്‍ പോക്കിരി എന്ന ഒരേ ഒരു ഹിറ്റ് ചിത്രം മാത്രം നല്‍കിയ വിജയുടെ ഈ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് സണ്‍ പിക്ചേഴ്സ് ആണ്. ഏത് ഓടാത്ത പടവും സണ്‍ ടിവിയില്‍ പരസ്യം ഇട്ട് ഓടിക്കാനുള്ള കഴിവുള്ള സണ്‍ടീവി എങ്ങനെയും ഈ പടവും കരകേറ്റും എന്ന് പ്രതീക്ഷിക്കാം. വിജയുടെ ഇന്‍ട്രൊടെക്ഷന്‍ സോങ്ങായ "ഞാന്‍ അടിച്ചാ താങ്കെ മാട്ടാ, നാലുമാസം തൂങ്ക മാട്ടാ..." എന്ന കുത്ത് പാട്ടില്‍ വിജയുടെ മകനായ സഞ്ജയും ഡാന്‍സ് ആടുന്നുന്നുണ്ട്.


സത്യസന്ധനും ധീരനുമായ ദേവരാജ് ഐ‌പി‌എസിനെ (ശ്രീഹരി) പോലെ ആകാന്‍ കൊതിക്കുന്ന,കൂട്ടുകാര്‍ ‘പൊലീസ് രവി’ എന്ന് കളിയാക്കി വിളിക്കുന്ന രവി (വിജയ്) തന്റെ പൊലീസ് മോഹവുമായി ചെന്നൈയിലെ കൊളേജില്‍ ചേരുന്നു. ചെന്നൈയില്‍ ജീവിക്കാനും പഠിക്കാനുമുള്ള പണം കണ്ടെത്താനായി പാര്‍‌ട്ടൈമായി ഓട്ടോ ഓടിക്കുന്ന രവി തന്റെ കൂട്ടുകാരിയെ അപമാനിക്കാന്‍ ശ്രമിച്ച ചെല്ല (രവിശങ്കര്‍) എന്ന റൌഡിയെ എടുത്തിട്ട് അലക്കുന്നു. ചെല്ലയുടെ അച്ഛനാവട്ടെ സ്ഥലത്തെ അധോലോക നായകനായ വേദനായകവും. തന്റെ ആരാധനാമൂര്‍ത്തിയായ ദേവരാജ് ഐപി‌എസിനെ വേദനായകം പരിപ്പിളക്കിയിട്ടുണ്ട് എന്ന് അറിയുന്ന രവി വേദനായകത്തിന്റെ പരിപ്പിളക്കാനായി വേട്ടക്കാരനായി അവതാരമെടുക്കുന്നു.


കണ്ടുമടുത്ത തമിഴ്, തെലുങ്ക് സിനിമകളിലെ കഥാപാത്രങ്ങളുടെ സവിശേഷതകള്‍ ഇല്ലാത്ത ഒരു കഥാപാത്രം പോലും സിനിമയില്‍ ഇല്ല. ഒരു ചെല്ലത്താമരെ എന്ന ഒരു പാട്ട് മാത്രമാണ് ചിത്രത്തില്‍ കൊള്ളാവുന്നതായി തോന്നിയത്. നൂറ് കണക്കിന് അനുയായികളുള്ള വില്ലന്‍ നായകന്‍ ഒറ്റയ്ക്ക് എല്ലാവരെയും അടിച്ച് ചമ്മന്തിയാക്കുന്നു. ഇത്രയേ ഉള്ളു കഥ.


അപാര സഹനശക്തിയുണ്ടെങ്കില്‍ മാത്രം ഈ സിനിമയ്ക്ക് കയറിയാല്‍ മതി. ഒടുക്കത്തെ ഫൈറ്റ്സും പാട്ടും ഡാന്‍സും ഒക്കെയായി ഒരു ഒന്നൊന്നര മസാലയാണ് സിനിമ. നായികയായ അനുഷക്ക തന്റെ ശരീരം പരമാവധി സിനിമയ്ക്കായി ഡഡിക്കേറ്റ് ചെയ്തിട്ടുണ്ട്. വിജയുടെ അഴകിയ തമിഴ് മകന്‍, കുരുവി, വില്ല് എന്നി പടങ്ങള്‍ കണ്ട ഒരാളാണ് നിങ്ങള്‍ എങ്കില്‍ ഈ ചിത്രവും കണ്ടോളൂ.... നിങ്ങള്‍ക്ക് ഈ ചിത്രം സഹിക്കാനുള്ള ശേഷി കൈവന്നിട്ടുണ്ടാകും.

എന്റെ റേറ്റിങ്ങ് : 1.5/5

Dec 21, 2009

അവതാര്‍

കഥ, സംവിധാനം : ജയിംസ് കാമറൂണ്‍
നിര്‍മ്മാണം : ജയിംസ് കാമറൂണ്‍, ജോന്‍ ലാന്‍ഡാവ്
സംഗീതം: ജയിംസ് ഹോണര്‍
അഭിനേതാക്കള്‍ : സാം വര്‍ത്തിംഗ്ടണ്‍, സോയി സല്‍ദാന, സ്റ്റീഫന്‍ ലാംഗ് തുടങ്ങിയവര്‍ടെര്‍‌മിനേറ്റര്‍, എലിയന്‍‌സ്, ടൈറ്റാനിക്ക്, ട്രൂ ലൈസ് എന്നീ ഇതിഹാസ സിനിമകള്‍ ഒരുക്കിയ ജെയിംസ് കാമറൂണിന്റെ ഏറ്റവും പുതിയ സിനിമയാണ് അവതാര്‍. 1500 കോടി രൂപ മുടക്കി വര്‍ഷങ്ങള്‍ എടുത്ത് നിര്‍മ്മിച്ചതാണ് ഈ ചിത്രം. ഗ്രാഫിക്സ്സും യഥാര്‍ഥ ഷോട്ടുകളും തിരിച്ചറിയാനാകാത്തവിധം ഇണക്കിച്ചേര്‍ത്താണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. 2D,3D,Imax 3D ഫോര്‍മാറ്റുകളില്‍ ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്."കഥ നടക്കുന്നത് 2154-ലാണ്. പാണ്ടോറ എന്ന സാങ്കല്‍പ്പിക ഗ്രഹത്തിലേക്ക് അത്യാഗ്രഹികളായ മനുഷ്യര്‍ കടന്നുവരുന്നതും ഭൂമിയുടെ അതിജീവനത്തിനായി ഈ ഗ്രഹത്തിലുള്ള അമൂല്യധാതു കൊള്ളയടിക്കാനായി അവിടത്തെ അന്തേവാസികളായ നാവികളുമായി പോരടിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. മനുഷ്യര്‍ക്ക് ആവശ്യമായ അമൂല്യധാതു, പണ്ടോറയിലെ ഘോരവനങ്ങളില്‍ മറഞ്ഞുകിടക്കുന്നു. എന്നാല്‍ ധാതു മാത്രമല്ല ഇവിടെയുള്ളത്, ദിനോസറും പുലിയും പറക്കുന്ന ഡ്രാഗണുകളും മറ്റ് വിചിത്ര/ഭയാനക ജീവികളും വനങ്ങളിലുണ്ട്.

പണ്ടോറയില്‍ വായുവില്ല. അതിനാല്‍ തന്നെ, നാവികളെപ്പോലെ ക്ലോണ്‍ ചെയ്തെടുത്തിട്ടുള്ള മനുഷ്യരെയാണ് ഈ ഗ്രഹം പിടിച്ചടക്കാനായി മനുഷ്യര്‍ അയയ്ക്കുന്നത്. ഭൂമിയിലെ യുദ്ധത്തില്‍ പരുക്കേറ്റ് ശരീരം ഭാഗികമായി തളര്‍ന്ന ജേക്ക് സള്ളി നാവിയാകാന്‍ തയ്യാറാവുകയാണ്. നാവിയായി അവതാരമെടുക്കുന്നതിലൂടെ തന്‍റെ ചലനശേഷി വീണ്ടെടുക്കാന്‍ പറ്റുമെന്ന സന്തോഷത്തിലാണ് ജേക്ക്.

നാവിയായി അവതാരമെടുത്ത ജേക്ക് പണ്ടോറയിലെത്തി മനുഷ്യര്‍ക്ക് വേണ്ടി തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ നാവി ഗോത്രക്കാരിയായ നെയ്‌തിരിയുമായി പ്രണയബന്ധത്തില്‍ ആവുകയും നാവികളെ അടുത്തറിയും ചെയ്യുന്നതോടെ ജേക്കിന്‍റെ ഉള്‍‌ക്കണ്ണ് തുറക്കുന്നു. പാവങ്ങളായ നാവികളെ കുരുതി കൊടുത്ത് ഭൂമിക്ക് വേണ്ടി അമൂല്യധാതു പിടിച്ചെടുക്കണോ നാവികളെ കൂട്ടക്കുരുതിയില്‍ നിന്ന് രക്ഷിക്കണോ എന്നാണ് ജേക്കിന് മുന്നിലുള്ള സമസ്യ. ഈ സമസ്യയുടെ ഉത്തരം തന്നെയാണ് അവതാറിന്‍റെ ക്ലൈമാക്സ്."(കട : വിക്കി)


അടുത്തകാലത്ത് ഇറങ്ങിയ സയന്‍സ്ഫിക്ഷന്‍ സിനിമകളില്‍ ഏറ്റവും മനോഹരം. കഥ കേട്ട് പഴകിയതാനെങ്കിലും സ്വീകരിച്ചിരിക്കുന്ന കഥപറയല്‍ രീതിയാണ് ശ്രദ്ധേയം. ഓരോ ചെറിയ ചെറിയ കാര്യങ്ങളും ശ്രദ്ധിച്ച് വളരെ മനോഹരമായാണ് ഇതിന്റെ ഗ്രാഫിക്സ് രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നമ്മള്‍ കണ്ട് പഴകിയ 3D സങ്കേതം അല്ല ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് (നമ്മളുടെ 3D സ്ക്രീനീന്ന് ഐസ്ക്രീം നീട്ടുന്നതും വാള്‍ വീശുന്നതുമൊക്കെയല്ലേ) എന്നാല്‍ സ്ക്രീനില്‍ നമുക്ക് ഷോട്ടുകളുടെ "ആഴവും പരപ്പും" തിരിച്ചറിയാനകുന്നവിധമാണ് ഇതിലെ 3D രീതി. ഇത് ഗ്രാഫിക്സ് തന്നെയാണോ എന്ന് സംശയിച്ച് പോകും വിധമാണ് ഓരോ രംഗവും. എന്നാല്‍ ഗ്രാഫിക്സ് തിരക്കഥയെ വിഴുങ്ങാതെ അവതരിപ്പിച്ചിട്ടുണ്ട്. നാവികള്‍ക്കായി ഒരു പ്രത്യേക ഭാഷതന്നെ ജയിംസ് കാമറൂണും കൂട്ടരും തയ്യാറാക്കിയിരുന്നു. 15 വര്‍ഷം മുന്നേ തന്നെ ജയിംസ് കാമറൂണിന്റെ ഉള്ളില്‍ ഉണ്ടായിരുന്ന കഥയായിരുന്നു പോലും ഇത്. എന്നാല്‍ അന്നത്തെ സാങ്കേതികവിദ്യ വെച്ച് ഇത് ഇടുത്താല്‍ തന്റെ മനസ്സില്‍ ഉള്ളത് സ്ക്രീനില്‍ വരില്ലാ എന്ന് കാമറൂണിന് മനസിലായി അങ്ങനെ 15 വര്‍ഷത്തിന് ശേഷമാണ് കാമറൂണ് ആ കഥ അഭ്രപാളിയിലേക്ക് പകര്‍ത്തുന്നത്. ടൈറ്റാനിക്കിന് ശേഷം 14 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ജയിംസ് കാമറൂണ് സംവിധാനം ചെയ്ത ഒരു ചിത്രം പുറത്ത് വരുന്നത് അത് വെറുതെയായില്ല.

ഞാന്‍ ഇതുവരെ കണ്ട ഒരു ഏലിയന്‍ സിനിമയിലും നമുക്ക് ഏലിയന്‍സിനോട് ഇഷ്ട്ടം തോന്നാന്‍ മാത്രം ഒന്നും കാണില്ല. എന്നാല്‍ ഇതില്‍ നാവികളുടെ വിജയം നമ്മളുടെ വിജയമായി കണ്ട് നമ്മള്‍ സന്തോഷത്തോടെയാണ് തിയേറ്റര്‍ വിടുക. ചില കാര്യങ്ങള്‍ സിനിമ കണ്ട് കഴിഞ്ഞാലും മനസ്സില്‍ നിന്നും മായില്ല "ഐ സീയു", ഹാങ്ങിങ്ങ് മൌണ്ടേന്‍സ് (ഹാലേലൂയ), സീക്രട്ട് ട്രീസ് സീഡ്സ്, നാവിയുടെ മുടി തുടങ്ങിയവ....

പറ്റുമെങ്കില് 3Dയില്‍ തന്നെ ഈ സിനിമ കാണുക. 40ഉം 50ഉം രൂപക്ക് നാട്ടീന്ന് സിനിമ കണ്ടുകൊണ്ടിരുന്ന ഞാന്‍ 300 രൂപ ടിക്കറ്റ് ചാര്‍ജ് കണ്ടപ്പോ തല ഒന്ന് ചുറ്റിയതാ... പക്ഷേ സിനിമ കണ്ട് കഴിഞ്ഞപ്പോ 300 ഒരു നഷ്ട്ടവും തോന്നിയില്ല..... പക്ഷേ ഇന്റര്‍വെല്ലിലെ പോപ്പ്കോണും കോളയും അര്‍മ്മാദമായിപ്പോയി.

എന്റെ റേറ്റിങ്ങ് : 4.8/5

റെനിഗുണ്ടസംവിധാനം : പനിനീര്‍ശെല്‍വം
നിര്‍മ്മാണം : ഫിലിംഫ്രാബ്രിക്കേര്‍സ്
സംഗീതം: ഗണേഷ് രാഖവേന്ദ്ര
അഭിനേതാക്കള്‍ : ജോണി, സനുഷ, നിഷാന്ത് തുടങ്ങിയവര്‍


പുതുമുഖ സംവിധായകനായ പനിനീര്‍ ശെല്‍വം സംവിധാനം ചെയ്ത ചിത്രമാണ് "റെനിഗുണ്ട". പരുത്തിവീരന്‍, വെണ്ണിലാ കബടി കുളു, സുബ്രമണ്യപുരം, കുങ്കുമപൂവും കൊഞ്ചും പുറാവും, നാടോടികള്‍ തുടങ്ങിയ റിയലറ്റിക് സിനിമാഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് റെനിഗുണ്ടയും. വയലന്‍സ് തന്നെയാണ് ചിത്രത്തിന്റെ പ്രധാന തീം.

തമിഴ്നാട്ടിലെ ദേവകോട്ടയെന്ന സ്ഥലത്ത് മാതാപിതാക്കളോടൊപ്പം കഴിയുകയാണ് ശക്തി എന്ന 19കാരന്‍. പഠിക്കാന്‍ വലിയമിടുക്കനൊന്നുമല്ല ശക്തി‍. സ്ഥലത്തെ രാഷ്ട്രീയ നേതാവും ഗുണ്ടകളും ചേര്‍ന്ന് നടത്തിയ കൊലപാതകത്തിന് ശക്തിയുടെ അച്ഛന്‍ സാക്ഷിയായി. അച്ഛനേയും അമ്മയേയും അതെത്തുടര്‍ന്ന് ഗുണ്ടകള്‍ കൊലപ്പെടുത്തി. പ്രതികാരം ചെയ്യാന്‍ തുനിഞ്ഞ ശക്തിയെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. ജയിലില്‍ അടച്ചു. ജയിലില്‍ കൊലപാതകക്കേസില്‍പ്പെട്ട് കഴിയുന്ന ഒരു സംഘം യുവാക്കള്‍ക്കൊപ്പം ചേര്‍ന്ന് ശക്തി ജയില്‍ ചാടി ആന്ധ്രയിലെ റെനിഗുണ്ടയില്‍ എത്തുന്നു. അവിടെയും അവര്‍ കൊലപാതകങ്ങള്‍ ചെയ്യുന്നു... പോലീസ് പുറകെ ഉണ്ട്... പിന്നെ ശക്തിക്കും കൂട്ടുകാര്‍ക്കും എന്ത് സംഭവിക്കുന്നു എന്നതാണ് ബാക്കി കഥ.

ദാരിദ്രം, പട്ടിണി, പ്രതികാരം, സമൂഹത്തിനോടുള്ള വിരോധം ഇതൊക്കെയാണ് മറ്റ് എല്ലാ സിനിമകളെയും പോലെ ഇതിലെയും വയലന്‍സിനുള്ള കാരണം. ഗുണ്ടകളുടെ സുഹൃത്ബന്ധം, പ്രേമം, ലോലവികാരങ്ങള്‍ തുടങ്ങിയവയാണ് ഇതിലും ഉള്ളത്... "5 ഗുണ്ടകളുടെ കരളലിയിക്കുന്ന കദനകഥ." തമിഴ്നാട്ടില്‍ മാന്യമായി കൊട്ടേഷന്‍ പണി ചെയ്ത് ജീവിക്കാന്‍ സമ്മതിക്കത്ത ക്രൂരമ്മാരായ പോലീസിന്റെ ശല്യം കാരണം ആന്ധ്രയില്‍ പോയി കൊട്ടേഷന്‍ പണി ചെയ്യാന്‍ തീരുമാനിക്കുന്ന സുഹൃത്തുക്കള്‍... കോപ്പ്... തമിഴന്‍മാര്‍ക്ക് ഇമ്മാതിരി ഗുണ്ടകളെ പിടിച്ച് വിശുദ്ധമ്മാരാക്കുന്ന പടം പിടിച്ച് മതിയായില്ലേ?... എല്ലാത്തിലും ഒരേ കഥ.. ഗുണ്ടാപ്പണി ചെയ്ത് മാന്യമായി ജീവിക്കുന്ന നായകന്‍ നല്ലവളായ നായിക.. നായികയെ ചുറ്റി കുറേ പ്രശ്നങ്ങള്‍... നായകന് പ്രേമം.. ഗുണ്ടാപ്പണി എല്ലാം വിട്ട് ഒരുമിക്കാന്‍ തീരുമാനിക്കുന്നു... ഒന്നികില്‍ പോലീസ് അല്ലെങ്കില്‍ മറ്റ് ഗുണ്ട്കള്‍ നായികയെ കൊല്ലും... നായകന്‍ പ്രതികാരം... അവസാനം നായകനും മരിക്കും... ഇതേ പാറ്റേണില്‍ എത്ര തമിഴ്, തെലുങ്ക്, കന്നഡ പടങ്ങള്‍... മലയാളത്തിലും ഉണ്ട്..

കൂതറകളായ നായകമ്മാരുടെ വസന്തമാണ് തമിഴില്‍ ഇപ്പോള്‍... വന്ന് വന്ന് ഏത് രായപ്പനും അഭിനയിക്കാം എന്ന സ്ഥിതി ആയി ഇപ്പൊള്‍... എന്തൊക്കെ ആയാലും ജസ്റ്റ് വാച്ചബിള്‍ ആണ് സിനിമ.... 60% മലയാള ചിത്രങ്ങളെകാളും ഭേദം.... സനുഷയും മോശമാക്കിയില്ല... പക്ഷേ നായികയാകാനുള്ള പ്രായം കൊച്ചിനില്ല.. നമുക്ക് കണ്ടാല്‍ ആ ബേബി സനുഷയെ തന്നെ ഓര്‍മ്മവരും...

സമയം കിട്ടിയാല്‍ ഒന്ന് കണ്ടുനോക്കിക്കോ.. വല്യ കുഴപ്പം വരില്ലാ.... അധവാ വല്ല കുഴപ്പവും തോന്നിയാല്‍ കമ്പനിക്ക് യാതൊരു ഉത്തരവാദവും ഇല്ലാ....

എന്റെ റേറ്റിങ്ങ് : 2.5/5

Dec 19, 2009

റോക്കറ്റ് സിങ്ങ് സേയില്‍സ്മാന്‍ ഓഫ് ദി ഇയര്‍സംവിധാനം : ഷമ്മിത്ത് അമന്‍
കഥ : ജദീപ് സാഹ്നി
നിര്‍മ്മാണം : ആദിത്യാ ചോപ്ര
സംഗീതം: സലിം & സല്‍മാന്‍ മര്‍ചെന്റ്
അഭിനേതാക്കള്‍ : രണ്‍ബീര്‍ കപ്പൂര്‍, ഷസാന്‍ പദംസി തുടങ്ങിയവര്‍


'ചക് ദേ ഇന്ത്യ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഷിമ്മിത് അമന്‍ യാഷ് രാജിന് വേണ്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റോക്കറ്റ് സിങ്ങ് സേയില്‍സ്മാന്‍ ഓഫ് ദി ഇയര്‍' കംപ്യൂട്ടര്‍ ബിസിനസ്സ് രംഗത്തെ നെറികേടുകളും ചതികളുമാണ് ഷമ്മിത്ത് ഈ ചിത്രത്തിലൂടെ തമാശയുടെ അകമ്പടിയോടെ പറയുന്നത്....


പഠനത്തില്‍ പിന്നാക്കമായിരുന്നു ഹര്‍പ്രീത് സിംഗ് (രണ്‍ബീര്‍ കപൂര്‍).'AYS'(At Your Service) എന്ന കമ്പനിയില്‍ സെയില്‍സ്മാനായി ജോലി നേടി. പക്ഷെ സത്യസന്ധനായ ഹര്‍പ്രീത് ബിസിനസ് നേടുന്നതില്‍ പരാജയപ്പെടുന്നു. അവനെ കസ്റ്റമര്‍ കോളിങ്ങ് സെക്ഷനിലേക്ക് മാറ്റുന്നു. കമ്പനിയില്‍ അയാള്‍ പരിഹാസ കഥാപാത്രമായി. ടെലിഫോണ്‍ ഓപ്പറേറ്റര്‍ അവിടെ വന്ന ഒരു കോള്‍ ഹര്‍പ്രീതിനോട് സഹതാപം തോന്നി അവന് മറിച്ച് കൊടുക്കുന്നു... ആ കസ്റ്റമറെ(ഷസാന്‍ പദംസി) കാണാന്‍ പോയ ഹര്‍പ്രീത് കസ്റ്റമര്‍ക്ക് വേണ്ടി ഗ്രാഫിക്ക് കാര്‍ഡ് വാങ്ങാന്‍ പോകുന്നു.. അവിടെ വെച്ച് ഹര്‍പ്രീതിന് ഒര്‍ജിനല്‍ വിലയും തന്റെ കമ്പനി കസ്റ്റമര്‍ക്ക് കൊടുക്കുന്ന വിലയും തമ്മിലുള്ള അന്തരം മനസിലാകുന്നു.. ഹര്‍പ്രീത് ആ കസ്റ്റമര്‍ക്ക് വേണ്ടി തന്റെ കമ്പനിയിലെ ഹാഡ്‌വെയര്‍ ടെക്നീഷ്യനെ കൂട്ടുപിടിച്ച് സ്വയം സിസ്റ്റം കൊടുക്കുന്നു... അവന് വീണ്ടും വീണ്ടും ഓഡര്‍ കിട്ടുന്നു.. അങ്ങനെ 'റോക്കറ്റ് സേയില്‍സ് കോര്‍പ്പറേഷന്‍' എന്ന രഹസ്യ കമ്പനി ഉണ്ടാക്കി അതേ കമ്പനിയില്‍ ഇരുന്നുകൊണ്ടുതന്നെ അയാള്‍ അതേ ബിസിനസ് നടത്തി വിജയിക്കുകയാണ്. കമ്പനി മുതലാളിയുടെ ശകാരം കേട്ട് അസ്വസ്ഥരായി നിന്നിരുന്ന മറ്റു ചില ജീവനക്കാരുടെ പിന്തുണയും അയാള്‍ക്ക് ലഭിച്ചു. ഹര്‍പ്രീത് സിംഗിന്‍െറ ബിസിനസ് തഴച്ചുവളര്‍ന്നു. 'AYS' കമ്പനിയുടെ ബിസിനസ് പതനവുമായി.കമ്പനി മുതലാളി ഇത് അന്വേഷിച്ച് കണ്ടുപിടിക്കുന്നു... പിന്നെ ഹര്‍പ്രീതിനും കൂട്ടര്‍ക്കും എന്ത് സംഭവിക്കുന്നു റോക്കറ്റ് സേയില്‍സ് കോര്‍പ്പറേഷന് എന്ത് സംഭവിക്കുന്നു എന്നതാണ് ബാക്കി കഥ.


ഒരു സെക്കന്റ് പോലും ബോറഡിക്കാതെ രസിച്ച് അവസാനം അല്‍പ്പം ചിന്തിച്ച് ഇരുന്നു കാണാവുന്ന ചിത്രമാണ് ഇത്... അനാവശ്യമായ ഒരു കഥാപാത്രം പോലും ചിത്രത്തിലില്ല... ടെലിഫോണ്‍ ഓപ്പറേറ്റര്‍, ഹാഡ്‌വെയര്‍ ടെക്നീഷ്യന്‍, പ്യൂണ്‍, സേയില്‍ മാനേജര്‍ തുടങ്ങിയ എല്ലാകഥാപാത്രങ്ങളും (ആരുടെയും പേര് അറിയില്ല) സിനിമ കഴിഞ്ഞാലും നമ്മുടെ മനസ്സില്‍ ഉണ്ടാകും.. കൂടാതെ കംപ്യൂട്ടര്‍ സേയില്‍ രംഗത്തെ ഒരുവിധപ്പെട്ട എല്ലാ ഉള്ളുകളികളും ചിത്രത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.. 'എംപ്ലോയി ഓഫ് ദ മന്ത്' എന്ന ഹോളീവുഡ് ചിത്രത്തിന്റെ വിദൂരഛായ ചിത്രത്തിനുണ്ട്.. ഹര്‍പ്രീതായി രണ്‍ബീറും മികച്ച അഭിനയമാണ് കാഴ്ച്ചവെക്കുന്നത്.. അങ്ങനെ രണ്‍ബീറിന്റെ തുടര്‍ച്ചയായ നാലാമത്തെ ഹിറ്റും പിറന്നു.

ചിത്രത്തിലില്ലെങ്കിലും "പോക്കറ് മേം റോക്കറ്റ്" എന്ന ബണ്ണി ദയാല്‍ ആലപിച്ച ടൈറ്റില്‍ സോങ്ങ് ആണ് എനിക്ക് ഇഷ്ട്ടപ്പെട്ടത്.. ഏത് തരക്കാര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടെയിനറാണ് ചിത്രം എന്ന് കണ്ണുംപൂട്ടി പറയാം...

എന്റെ റേറ്റിങ്ങ് : 3.5/5Dec 18, 2009

ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍
പ്രിയപ്പെട്ടവരേ...

ഇന്ന് എന്റെ ബ്ലോഗിന്റെ ഒന്നാം പിറന്നാളാണ്... ഒരു കുഞ്ഞു പിറന്നാള്‍...

ഓര്‍കൂട്ടിലെ മലയാളം ഒരു സാന്ത്വനം എന്ന കമ്യൂണിറ്റിയില്‍ സിനിമാറിവ്യൂവിനായി ഒരു ടോപ്പിക്ക് ഉണ്ട്... നാട്ടില്‍ ഒരു പണിയും ഇല്ലാതെ ചൊറിയും കുത്തി നടന്ന സമയത്ത് എല്ലാ സിനിമയും റിലീസിന് തന്നെ കാണുമായിരുന്നു... പിന്നെ രാത്രി വന്ന് അതിനെ പറ്റി ചെറിയ ഒരു കുറിപ്പ് ആ ടോപ്പിക്കില്‍ ഇടുമായിരുന്നു... അപ്പോഴൊന്നും സിനിമയെ പറ്റി എഴുതാന്‍ ഒരു ബ്ലോഗ് എന്ന് സ്വപ്നത്തില്‍ പോലും ഇല്ല... പിന്നെ ബോംബെയില്‍ ഒരു ജോലി കിട്ടി. അവിടെ നിന്ന് പുതിയ എല്ലാ സിനിമകളും ഡൌണ്‍ലോഡ് ചെയ്ത് കാണാനുള്ള സാഹചര്യം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്റെ ഈ പ്രാന്ത് കണ്ട് സഹമുറിയനും സഹവര്‍ക്കനും ഗുരു തുല്യനുമായ ശ്രീ ജോസ്മോന്‍ വാഴയില്‍ ആണ് എനിക്ക് ഒരു സിനിമാബ്ലോഗ് തുടങ്ങാനുള്ള ആശയം തരുന്നത്... അങ്ങനെ 2008 ഡിസംബര്‍ 16ന് ജോസിന്റെ കാര്‍മ്മികത്വത്തില്‍ ബ്ലോഗിന്റെ പേരിടല്‍ കര്‍മ്മം നടത്തി....


സിനിമയെ പറ്റി അധികം ഒന്നും അറിയാത്ത ഒരു ശരാശരി പ്രേക്ഷകനായ ഞാന്‍ എന്റെ ശരാശരിയിലും താണ ഭാഷയില്‍ എനിക്ക് തോന്നിയത് എഴുതി... അതിന് ബൂലോകത്ത് നിന്ന് കിട്ടിയ പ്രതികരണം എന്റെ കണ്ണ് നിറയിച്ചിട്ടുണ്ട്... കമന്റ് വഴിയും മെയില്‍ വഴിയും എനിക്ക് കിട്ടിയ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും എനിക്ക് എഴുതാനുള്ള പ്രചോദനമായി.... എന്നെ പിന്‍തുണക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.

എല്ലാത്തിലും വലുത് എന്റെ ഈ ബ്ലോഗ് ഒരു വര്‍ഷം സഹിച്ച് വായനക്കാരാണ്... അവര്‍ക്കും നന്ദി ഞാന്‍ ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു.... മറ്റോരു സന്തോഷം ബൂലോകം ഓണ്‍ലൈനില്‍ "അവാര്‍ഡ് 2009"ലെ നോമിനേഷന്‍ല്‍ പെട്ടത് ആണ്.... ഇതാണ് ശരിക്കും എനിക്ക് കിട്ടിയ അവാര്‍ഡ്...ഈ അവാര്‍ഡ് എനിക്ക് കിട്ടില്ല എന്ന പൂര്‍ണവിശ്വാസം എനിക്ക് ഉണ്ട്... കാരണം പലരുടെയും സിനിമാറിവ്യു വായിച്ച് കണ്ണ് തള്ളിയിരിക്കാറുള്ള ഞാന്‍ ആ അവാര്ഡിന് മോഹിച്ചാല്‍ ബിന്‍ലാദന്‍ സമാധാനത്തിനുള്ള നോബൈല്‍ പ്രൈസ് ആഗ്രഹിച്ചത് പോലിരിക്കും അല്ലേ സൂപ്പര്‍ സംവിധായകനായ വിനയന്‍ ഓസ്കാറിന് മോഹിച്ചത് പോലെയിരിക്കും.....

ബാങ്കളൂരില്‍ ആയത് കാരണം മലയാളസിനിമകള്‍ റിലീസിന് കാണാന്‍ പറ്റാറില്ല.. നാട്ടില്‍ പോയാല്‍ 2-3 സിനിമകള്‍ ഒരു ദിവസം കണ്ട് ഞാന്‍ ആ കുറവ് തീര്‍ക്കാന്‍ നോക്കാറുണ്ട്... തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്കു സിനിമകള്‍ കാണുന്നത് ഇവിടെ വന്നതിന് ശേഷം വിപുലപ്പെട്ടു എന്തോ കന്നഡ സിനിമ കാണാനുള്ള ധൈര്യം ഇതുവരെ കിട്ടിയിട്ടില്ല.... അതും കിട്ടും എന്ന് പ്രതീക്ഷിച്ചുകൊണ്ട്... വായനക്കാര്‍ക്ക് എന്റെ എല്ലാവിധ നന്ദിയും അറിയിച്ചുകൊണ്ട് നിര്‍ത്തുന്നു....

                                                                                       സ്നേഹത്തോടെ
                                                                                           രായപ്പന്‍

Dec 4, 2009

ദേ ധനാ ധന്‍


കഥ, തിരക്കഥ, സംവിധാനം : പ്രിയദര്‍ശന്‍
നിര്‍മ്മാണം : ഗണേഷ് ജയിന്‍
സംഗീതം: പ്രീതം
അഭിനേതാക്കള്‍ : അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, കത്രീന കൈഫ്, സമ്മീറ റെഡ്ഡി, പരേഷ് റാവല്‍, രാജ്പാല്‍ യാദവ് തുടങ്ങിയവര്‍...


പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ഹിന്ദി സിനിമയാണ് "ദേ ധനാ ധന്‍‍". അദ്ദേഹത്തിന്റെ തന്നെ "വെട്ടം" എന്ന മലയാളം സിനിമയുടെ ഇടവേളക്ക് ശേഷമുള്ള കഥയാണ് "ദേ ധനാ ധന്‍‍" എന്ന ഹിന്ദി ചിത്രമായി ഇപ്പൊള്‍ പുറത്ത് വന്നിരിക്കുന്നത്.. പ്രിയന്റെ സ്ഥിരം ഫോര്‍മുല ആയ ലോജിക്ക് ഇല്ലാത്ത സിറ്റുവേഷന്‍ കോമഡി തന്നെയാണ് ഈ ചിത്രത്തിന്റെയും പ്രത്യേകത.


വളര്‍ത്തുനായയെ അമിതമായി സ്നേഹിക്കുന്ന ഒരു സമ്പന്ന സ്ത്രീയുടെ ഡ്രൈവറായി ജോലി നോക്കുന്ന നിതിന്‍ ബാങ്കര്‍ (അക്ഷയ് കുമാര്‍), കൊറിയന്‍ ജീവനക്കാരനായി തൊഴിലെടുക്കുന്ന രാം മിശ്ര (സുനില്‍ ഷെട്ടി) സുഹൃത്തുക്കളായ അവര്‍ക്ക് കാമുകിമാരെ (കത്രിനാ കെയ്ഫ്, സമീറാ റെഡ്ഢി) വിവാഹം കഴിക്കാനും അടിച്ച് പൊളിച്ച് ജീവിക്കാനും ഒരുപാട് പണം വേണം. യജമാനത്തിയുടെ വളര്‍ത്തുനായയെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യമായി പണം നേടാന്‍ അവര്‍ തീരുമാനിച്ചു. പക്ഷെ നായ വഴിയില്‍ വെച്ച് ഓടിപ്പോയി വീട്ടില്‍ തിരിച്ചെത്തുന്നു. തട്ടിക്കൊണ്ട് പോകപ്പെട്ടത് നിതിനാണെന്ന് പൊലീസ് തെറ്റിദ്ധരിച്ചു. നിധിനും രാമും ഹോട്ടല്‍ പാന്‍ ഇന്റര്‍നാഷണലില്‍ റൂം എടുക്കുന്നു. ആ ഹോട്ടലില്‍ തന്നെ ആണ് റാമിന്റെ കാമുകിയായ മന്‍പ്രീതിന്റെ (സമ്മീറ) വിവാഹച്ചടങ്ങ് നടക്കുന്നത്. നിധിന്റെ കാമുകിയായ അഞ്ചലിയും ഹോട്ടലില്‍ എത്തുന്നു. വിവാഹത്തിന് എത്തിയിട്ടുള്ള അതിഥികള്‍ പലതരക്കാര്‍. കൂട്ടത്തില്‍ വാടക കൊലയാളിയും ഉണ്ട്. തെറ്റിദ്ധാരണകള്‍, ആശയക്കുഴപ്പം, കൂട്ടത്തല്ല് അങ്ങനെ ഒരു പ്രിയന്‍ ക്ലൈമാക്സ്.....


'വെട്ടം' "ദേ ധനാ ധന്‍‍" ആയപ്പോള്‍ പണം വാരും ഉറപ്പ്... അക്ഷയും ഷെട്ടിയും കൈഫും റെഡ്ഡിയും പരേഷും എല്ലാവരും തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട്. വെട്ടം കണ്ട് കരഞ്ഞ അനുഭവം ഉണ്ടായിട്ട് പോലും ഞാന്‍ നന്നായി ആസ്വദിച്ചു... "പൈസാ" എന്ന് തുടങ്ങുന്ന ഗാനവും കലക്കി കാശ് എറിഞ്ഞ് പാട്ട് പിടിക്കാന്‍ പ്രിയന്‍ പണ്ടേ മിടുക്കനാണല്ലോ... ഒരുപാട് കഥാപാത്രങ്ങളും അവരെയൊക്കെ വിഗദ്ധമായി കൂട്ടിക്കുരുക്കാനും ആ കുരുക്കഴിക്കാനും പ്രിയന്‍ പണ്ടേ മിടുക്കനാല്ലോ... ഇതും ഒട്ടും വെത്യസ്തമല്ല...

ക്ലൈമാക്സില്‍ വെട്ടത്തിലെ ഷോക്കിന് പകരം പ്രിയന്‍ ഇതില്‍ വെള്ളത്തിനെയാണ് കൂട്ടുപിടിച്ചിരിക്കുന്നത് ഈ ചിത്രത്തിലെ ക്ലൈമാക്സ് ചിത്രീകരിക്കാന്‍ പ്രിയന്‍ 700 ടാങ്ക് വെള്ളം ഉപയോഗിച്ചു എന്ന് വാര്‍ത്ത ഉണ്ടായിരുന്നു വെള്ളത്തില്‍ വെച്ച് കൂട്ടയടിയോടെ ആണ് സിനിമ അവസാനിക്കുന്നത്...

പ്രിയന്റെ പഴയ ഹിന്ദി ചിത്രങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ധൈര്യമായി ഇതിന് കേറിക്കോ... വെട്ടം കണ്ടിട്ടുണ്ടെങ്കിലും ഇല്ലേലും ഇങ്ങള്‍ക്ക് ഈ സിനിമ ഇഷ്ട്ടപ്പെടും...

എന്റെ റേറ്റിങ്ങ് : 3/5

Dec 3, 2009

യോഗിസംവിധാനം : സുബ്രമണ്യ ശിവ
കഥ, തിരക്കഥ, നിര്‍മ്മാണം : അമീര്‍ സുല്‍ത്താന്‍
സംഗീതം: യുവാന്‍ ശങ്കര്‍ രാജ
അഭിനേതാക്കള്‍ : അമീര്‍ സുല്‍ത്താന്‍, മധുമിത, ഗഞ്ചാ കറുപ്പ് തുടങ്ങിയവര്‍


"തിരുടാ തിരുടീ" എന്ന ചിത്രം സംവിധാനം ചെയ്ത സുബ്രഹ്മണ്യശിവയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. മൗനം പേശിയതേ, രാം, പരുത്തിവീരന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനായ അമീര്‍ ആണ് ചിത്രത്തിലെ നായകന്‍... ഇദ്ദേഹം ഒരു ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നു എന്നതുകൊണ്ട് തന്നെ റിലീസിന് മുന്നേ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഇത്. ടീംവര്‍ക്ക് പ്രൊഡക്ഷന്‍ ഹൌസിന്റെ ബാനറില്‍ അമീര്‍തന്നെയാണ് 12കോടിരൂപ ചിലവില്‍ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചെന്നെയിലെ ഒരു ചേരിയിലെ ഗുണ്ടയാണ് യോഗി അവന്റെ കൂടെ എപ്പോഴും മൂന്ന് സുഹൃത്തുക്കളും കാണും. യോഗിയുടെ ഏരിയയിലെ വലിയ ഗുണ്ടയെ അറിയാതെ ചെറിയ ചെറിയ 'വേട്ട' നടത്തിയാണ് യോഗിയും കൂട്ടുകാരും ജീവിക്കുന്നത്. അങ്ങനെ ഒരു വേട്ടക്കിടയില്‍ യോഗിക്ക് ഒരു കുട്ടിയെ കിട്ടുന്നു പിന്നെ ആ കുട്ടിയെ നോക്കാനായി യോഗി ഗുണ്ടാജീവിതം ഉപേക്ഷിക്കാനൊരുങ്ങുന്നു.കുട്ടിക്ക് പാല് കൊടുക്കാനായി ചേരിയിലെ ഒരു പെണ്ണിന്റെ അടുത്ത് പോകുന്നു. (ഒരു മലയാള പടത്തിന്റെ മണം അടിക്കുന്നില്ലേ?) ആ കുട്ടിയുടെ അഛ്ച്ചന്‍ കുട്ടിയെ കൊല്ലാന്‍ നോക്കുന്നു യോഗി രക്ഷിക്കാനും...

മലയാളത്തില്‍ മുല്ലയാണ് മണം മാറി തമിഴില്‍ മണക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. മലയാളത്തിലെ ലച്ചുവിനെയും അമ്പിയണ്ണനെയും ഒഴിവാക്കിയതാണ് തമിഴിലെ കാതലായ മാറ്റം. പിന്നെ വില്ലനായി കുട്ടിയുടെ അഛ്ച്ചന്‍ വരുന്നു
കുട്ടിയുടെ സ്നഗ്ഗി മാറ്റുന്നതും, മധുരം കൊടുത്ത് ഉറുമ്പ് വരുന്നതും, അടുത്ത വീട്ടിലെ ഒരു പെണ്ണിന്റെ അടുത്ത് കുട്ടിക്ക് പാല് കൊടുക്കാന്‍ കൊണ്ടുപോകുന്നതും, മുല്ലയുടെ ഉയരത്തില്‍ ഉള്ള വീടും അടക്കം മലയാളത്തിലെ പല സീനുകളും ഈച്ചക്കോപ്പിയാണ് യോഗിയില്‍. പിന്നെ ഹീറോയിസവും ആക്ഷനും വയലന്‍സും ആവശ്യത്തിലും അധികം. പക്ഷേ ടൈറ്റിലില്‍ എവിടെയും മുല്ലയ്ക്കോ ലാല്‍ജോസിനോ കഥാകൃത്തായ എം. സിന്ധുരാജിനോ കടപ്പാട് കൊടുത്തിട്ടില. നോക്കിയേ ആ പോസ്റ്ററില്‍തന്നെ ഒരു മുടിവെച്ച മുല്ല മണക്കുന്നില്ലേ?

അമീന്‍ ഈ സിനിമയെ പറ്റി പറഞ്ഞിരിക്കുന്നത് ''ഒരു ആക്ഷന്‍ ഹീറോ ആവുകയെന്നതല്ല എന്റെ ലക്ഷ്യം. നായകന്‍മാരായ നമ്മുടെ ഒട്ടു മിക്ക താരങ്ങളുടെയും ധാരണ, ഒരു ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതോടെ എളുപ്പത്തില്‍ ആക്ഷന്‍ ഹീറോമാരായി മാറാം എന്നാണ്. യഥാര്‍ഥ ഹീറോ നടനല്ല, തിരക്കഥയാണ് എന്ന് സ്ഥാപിക്കുയാണ് എന്റ ആത്യന്തിക ലക്ഷ്യം. എനിക്ക് പോലും ഒരു ആക്ഷന്‍ ഹീറോ ആയി മാറാമെന്ന് തെളിയിക്കുകയാണ് ആവശ്യം!". എന്നാണ് (കട: മാതൃഭൂമി) അമീന്‍ മലയാളത്തിലെ ദിലീപിനെക്കള്‍ നന്നായി ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടൂണ്ട്. പിന്നെ മധുമിത തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നല്ല ഒരു കഥാപാത്രത്തെയാണ് യോഗിയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

ഗാനാപാട്ട് ശ്രേണിയില്‍ ഉള്‍പ്പെടുന്ന "ശീര്‍മേവും കൂവത്തിലെ" എന്ന പാട്ട് ഇതിനകംതന്നെ തമിഴ് നാട്ടില്‍ ശ്രദ്ധിക്കപ്പെട്ടിട്ടൂണ്ട്. നായകാനായ അമീറും ഈ പാട്ടില്‍ പാടിയിട്ടൂണ്ട്. യുവാന്റെ ബാഗ്രൌണ്ട് മ്യൂസിക്കും കൊള്ളാം. ഒരു റിയലിസ്റ്റിക്ക് സിനിമാ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് യോഗി.

സിനിമ കണ്ടിറങ്ങിയപ്പോ ആകെ ഒരു കലക്കം.. മുല്ലയും യോഗിയും തമ്മില്‍ ഒരു പിടിവലി സിനിമയെ പറ്റി എന്ത് പറയണം എന്ന് ഒരു പിടിയും ഇല്ല... എന്നാലും പറയുകയാ മുല്ലയെ മറന്ന് കേറാന്‍ പറ്റുമെങ്കില്‍ കേറിക്കോ

ഓടോ: മുല്ലയാണെന്നറിഞ്ഞിരുന്നേല്‍ ഞാന്‍ കേറുമായിരുന്നില്ല....എന്റെ റേറ്റിങ്ങ് : 2.5/5