May 28, 2010

കൈറ്റ്സ്


കഥ,തിരക്കഥ,സംവിധാനം : അനുരാഗ് ബസു
നിര്‍മ്മാണം : രാകേഷ് റോഷന്‍
സംഗീതം: രാജേഷ് രോഷന്‍
അഭിനേതാക്കള്‍ : ഹൃഥിക് റോഷന്‍,ബാര്‍ബറ മോറി, കങ്കണ റാവത്ത്‍, കബീര്‍ ബേഡി, നിക്ക് ബ്രൌണ് തുടങ്ങിയവര്‍...

മര്‍ഡര്‍, ഗ്യാങ്ങ്സ്റ്റര്‍ തുടങ്ങിയ മസാല ചിത്രങ്ങളുടെ സംവിധായകനായ അനുരാഗ് ബസുവിന്റെ ഏഴാമത് ചിത്രമാണ് കൈറ്റ്സ്. അതുപോലെ തന്നെ ജോധാ അക്ബറിന് ശേഷം ഹൃഥിക് മുഴുനീള വേഷത്തില്‍ വരുന്ന ചിത്രമാണ് ഇത് (ക്രേസി 4, ലക് ബൈ ചാന്‍സ് എന്നീ ചിത്രങ്ങളില്‍ സ്പെഷല്‍ അപ്പിയറന്‍സില്‍ വന്നിട്ടുണ്ട് പുള്ളി) മെക്സിക്കന്‍ സുന്ദരിയായ ബാര്‍ബറാ മോറിയാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. ഹോളിവുഡ് ടെക്നീഷ്യമാരുടെ ഒരു നീണ്ട നിരതന്നെ ഉണ്ട് ചിത്രത്തിന്റെ പുറകില്‍. ഹിന്ദിയില്‍ അല്ലാതെ ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.


ഇന്ത്യന്‍ വംശജനായ ജെയ് (ഹൃഥിക് റോഷന്‍) അമേരിക്കയില്‍ കൊറിയൊഗ്രാഫറായി പ്രവര്‍ത്തിക്കുകയാണ്. വലിയ പണക്കാരനാകുക എന്നതാണ് ജെയുടെ വലിയ സ്വപനം. അന്യനാടുകളില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ എത്തുന്ന യുവതികളെ വിവാഹം കഴിച്ച് അവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കി പണം സമ്പാദിക്കുന്ന ഏര്‍പ്പാടും അയാള്‍ക്കുണ്ട്.

ജെയുടെ ഡാന്‍സ് സ്കൂളില്‍ വെച്ച് ചൂതാട്ട കേന്ദ്രം ഉടമയായ ബോബിന്റെ (കബീര്‍ ബേഡി) മകള്‍ ജിനയെ (കങ്കണ റാവത്ത്) ജെയ് കാണുന്നു. ജിനയ്ക്ക് ജെയിനോട് പ്രേമം ആണ്. കാശിനായി ജിനയെ വിവാഹം കഴിക്കാന്‍ ജെയ് തയ്യാറാകുന്നു. ജീനയുടെ സഹോദരന്‍ ടോണി (നിക്ക് ബ്രൌണ്‍) പുതിയ കാമുകിയായ നടാഷയുമൊത്ത് (ബാര്‍ബറ മോറി) വരുന്നത് അപ്പോഴാണ്. നടാഷ താന്‍ മുമ്പ് വിവാഹം കഴിച്ച് അമേരിക്കയില്‍ വാസ സൌകര്യം നേടിക്കൊടുത്ത സ്പെയിന്‍കാരി ലിന്‍ഡയാണെന്ന് ജെയ് മനസ്സിലാക്കി. രണ്ടു പേരുടേയും ലക്ഷ്യം സമ്പന്ന ജീവിതം മാത്രം. എന്നാല്‍ ക്രമേണ ജെയും ലിന്‍ഡയും വീണ്ടും അടുത്തു. ടോണി അവരുടെ രഹസ്യം കണ്ടെത്തിയതോടെ അവര്‍ ഒളിച്ചോടി. പിന്തുടര്‍ന്ന് പിടികൂടാന്‍ ടോണിയുടെ വാടക ഗുണ്ടകളും ഒപ്പം പോലീസും.

മനോഹരമായ ലൊക്കേഷന്‍, നല്ല ക്യാമറ, പ്രമുഖ അഭിനേതാക്കള്‍ ഇങ്ങനെ ഒരുപാട് ആകര്‍ഷക ഘടകങ്ങള്‍ ഉണ്ടെങ്കിലും പ്രേക്ഷനെ ചിത്രത്തിലേക്കാകര്‍ഷിക്കുന്ന എന്തോ ഒന്ന് ചിത്രത്തിലില്ല. ഒരു 'മജ' കിട്ടുന്നില്ല ചിത്രത്തില്‍. ചിലപ്പോഴൊക്കെ വല്ലാതെ ഇഴഞ്ഞ് നീങ്ങുന്നുമുണ്ട് ചിത്രം. പിന്നെ മനസിലാകാത്ത സ്പാനിഷ് ഭാഷയും.

കങ്കണ ഹൃഥിക് ജോഡികളുടെ ഒരു കിടിലന്‍ ഡാന്‍സ് നമ്പര്‍ ഉണ്ട് ചിത്രത്തില്‍ ബാക്കി പാട്ടുകളൊന്നും വലിയ മെച്ചം ഇല്ല. ഏറെ കൊട്ടിഘോഷിച്ച് ആക്ഷന്‍ ചേസ് രംഗങ്ങള്‍ തമിഴ് സിനിമയിലെ ആക്ഷന്‍ രംഗങ്ങളെ നാണിപ്പിക്കും. മൊത്തത്തില്‍ കാര്യമായിട്ട് പറയാന്‍ ഒന്നും ഇല്ല. വേണമെങ്കില്‍ കാണാം അത്രമാത്രം അല്ലാതെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമൊന്നുമല്ല ഇത്.

എന്റെ റേറ്റിങ്ങ് : 5/10

May 8, 2010

ഹൌസ്ഫുള്‍


കഥ,തിരക്കഥ,സംവിധാനം : സാജിദ് ഖാന്‍
നിര്‍മ്മാണം : സാജിദ് നാദ്‌വാല
സംഗീതം: ശങ്കര്‍ ഏസാന്‍ ലോയി
അഭിനേതാക്കള്‍ : അക്ഷയ് കുമാര്‍,ഋതേഷ് ദേശ്മുഖ്, അര്‍ജുന്‍ രാംപാല്‍, ബൊമ്മന്‍ ഇറാനി, ദീപിക പദുകോണ്‍, ലാറദത്ത, ജിയ ഖാന്‍ തുടങ്ങിയവര്‍...

ഹെയ് ബേബി എന്ന ചിത്രത്തിന് ശേഷം സാജിദ് ഖാന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഹൌസ് ഫുള്‍'. ഹെയ് ബേബിയിലെ മിക്കവാറും താരങ്ങളും ഹൌസ് ഫുള്ളിലും ഉണ്ട്. 1994ല്‍ കമലഹാസന്‍, പ്രഭുദേവ, സൌന്ദര്യ, രംഭ എന്നിവര്‍ അഭിനയിച്ച "കാതലാ കാതലാ" എന്ന ചിത്രത്തിന്റെ കഥയെ ആണ് സാജിദ് ഖാന്‍ ലണ്ടനിലും ഇറ്റലിയിലും ആയി പറിച്ച് നട്ട് 'ഹൌസ് ഫുള്‍' ആക്കിയിരിക്കുന്നത്.

ജീവിതത്തില്‍ പരാജയങ്ങള്‍ മാത്രം നേരിട്ടുകൊണ്ടിരിക്കുന്ന ആരുഷ്(അക്ഷയ്കുമാര്‍), സുഹൃത്ത് ബോബ്(റിതേഷ് ദേശ്മുഖ്) അയാളുടെ ഭാര്യ ഹെതല്‍(ലാറദത്ത) എന്നിവര്‍ക്കൊപ്പം താമസിക്കാന്‍ എത്തുന്നു. നിര്‍ഭാഗ്യത്തിന്റെ ഹോള്‍സൈയില്‍ കടയാണ് ആരുഷ്. യഥാര്‍ത്ഥ കാമുകിയെ കണ്ടെത്താനായാല്‍ തന്റെ പരാജങ്ങള്‍ക്ക് അറുതി വരുത്താനാകും എന്നാണ് ആരുഷിന്റെ വിശ്വാസം. ബോബിന്റെ ബോസിന്റെ മകളായ ദേവിക(ജിയ)യെ ആരുഷിനെകൊണ്ട് കല്യാണം കഴിപ്പിക്കുന്നു എന്നാല്‍ ആദ്യരാത്രിയില്‍ ദേവിക കാമുകന്റെ കൂടെ ഓടിപ്പോകുന്നു. ആത്മഹത്യ ചെയ്യാന്‍ പോയ ആരുഷിനെ സാന്‍ന്റി(ദീപിക) രക്ഷിക്കുന്നു. ദേവികയെ മറന്ന് സാന്റിയെ വിവാഹം കഴിക്കാന്‍ ആരുഷ് നടത്തുന്ന ശ്രമങ്ങളാണ് ബാക്കി കഥ. അത് സാധിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ കുഴപ്പങ്ങളിലേക്കാണ് നയിക്കുന്നതെന്നുമാത്രം. സാന്‍സിയുടെ സഹോദരന്‍ ക്ഷിപ്രകോപിയായ മേജര്‍കൃഷ്ണ (അര്‍ജ്ജുന്‍ റാംപാല്‍), ഹെതലിനെ ഉപേക്ഷിച്ചു പോയിരുന്ന അച്ഛന്‍ ബതക് പാട്ടേല്‍(ബൊമ്മന്‍ ഇറാനി) എന്നിവര്‍കൂടി വരുന്നതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഹെതലിന്റെ ഭര്‍ത്താവായും സാന്‍സിയുടെ കാമുകനായും ഒരേസമയം അഭിനയിക്കാന്‍ നിര്‍ബന്ധിതാവുകയാണ് ആരുഷ്. പുറകേ സംശയക്കണ്ണുമായി മേജര്‍കൃഷ്ണയും.

പടം കണ്ടിരിക്കബിള്‍ ആണ്... തമാശയും വലിയ കുഴപ്പമില്ല. പക്ഷേ ആയകാലത്തെ മലയാളം കോമഡി പടങ്ങള്‍(നോട്ട് ദ പോയന്റ്) കണ്ടിട്ടുള്ളവര്‍ ഈ പടം കണ്ടാല്‍ കരയാനാണ് സാധ്യത കൂടുതല്‍... നമ്മടെ ജഗതിയുടെയും മറ്റും വില നമുക്ക് ഇമ്മാതിരി സിനിമകള്‍ കാണുമ്പോ മനസിലാകും. ടോം&ജെറി കോമഡി മി.ബീന്‍ അവതിരിപ്പിക്കുന്ന പോലെ ഉണ്ട് മിക്ക കോമഡികളും. പാട്ടുകള്‍ നന്നായിട്ടുണ്ട്... മൂന്ന് നായികമാരും മനസ്സറിഞ്ഞ് സഹകരിച്ചിട്ടുള്ളത്കൊണ്ട് കണ്ണിന് കുളിരുപകരുന്ന സീനുകളാണ് എല്ലാം. ദൈവം സഹായിച്ചിട്ട് സംഘട്ടനങ്ങളൊന്നും ഇല്ല. പക്ഷേ ക്ലൈമാക്സ് ഒന്നൊന്നര കൊലപാതകം ആയിപ്പോയി....

അക്ഷയ് കുമാര്‍ ആവും വിധത്തില്‍ കോമഡി കളിച്ചിട്ടുണ്ട് ഹിന്ദിയില്‍ ഏറ്റവും നന്നായിട്ട് കോമഡി ചെയ്യുന്ന നായകന്‍ അക്ഷയ് തന്നെ ആണെന്ന് തോന്നുന്നു. ഋതേഷ് വല്യകുഴപ്പമില്ലാതെ പിടിച്ച് നിക്കുന്നുണ്ട്. അര്‍ജുന്‍ രാംപാല്‍ അവസാനം വന്ന് കയ്യടി വാങ്ങുന്നുണ്ട്... നായികമാരെ പറ്റി പറയാതെ വയ്യ മൂന്നുപേരും വിശാല മനസ്സുള്ളവരാണ് പ്രേക്ഷകരുടെ വീക്ക്നസ്സ് അറിഞ്ഞ് വസ്ത്രം ധരിക്കുന്നുണ്ട് മൂവരും അല്ലാതെ ഇപ്പോഴത്തെ സിനിമയില്‍ നായികയ്ക്ക് വേറെ പണി ഒന്നും ഇല്ലല്ലോ. പക്ഷേ എന്തൊക്കെ പറഞ്ഞാലും ഇപ്പോ ഇറങ്ങുന്ന മലയാള സിനിമകളെ വെച്ച് നോക്കുമ്പോ എത്രയോ ഭേദമാണ് ഈ പടം. ഒന്ന് കാണുന്നതില്‍ തെറ്റില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

എന്റെ റേറ്റിങ്ങ് : 5/10