Oct 10, 2012

ഓ മൈ ഗോഡ്സംവിധാനം : ഉമേഷ് ശുക്ല
കഥ : ഗുജറാത്തി നാടകമായ "Kanji Virrudh Kanji"
തിരക്കഥ : ഭാവേഷ് മണ്ടലിയ & ഉമേഷ് ശുക്ല
നിര്‍മ്മാണം :  പരേഷ് റാവൽ, അക്ഷയ് കുമാർ & അശ്വിനി
സംഗീതം: ഹീമേഷ് റേഷമിയ
അഭിനേതാക്കള്‍ :പരേഷ് റാവൽ, അക്ഷയ് കുമാർ, ഓം പുരി, മിഥുന്‍ ചക്രവര്‍ത്തി,  തുടങ്ങിയവര്‍...


കാഞ്ചി ഭായ് ഗുജറാത്തിയായ ഒരു കച്ചവടക്കാരനാണ് മുംബൈയില്‍ ചോരിബസാറില്‍ ദൈവങ്ങളുടെ പ്രതിമയും മറ്റുമാണ് കച്ചവടം. എന്നാല്‍ ദൈവത്തില്‍ വിശ്വാസമില്ലാത്ത ഒരു എ ക്ലാസ് നിരീശ്വരവാദിയാണ് അയാള്‍... തന്റെ ഭാര്യയും മക്കളും ദൈവത്തില്‍ വിശ്വസിക്കുന്നതിനെയും അയാള്‍ കളിയാക്കും. ഒരു ദിവസം മുംബൈ നഗരത്തിൽ ഒരു ഭൂകമ്പം ഉണ്ടാവുകയും ചോരിബസാറില്‍ കാഞ്ചി ഭായുടെ കട മാത്രം നശിക്കുകയും ചെയ്യുന്നു... ദൈവത്തെ കളിയാക്കിയതിനാല്‍ ദൈവം തന്ന് ശിക്ഷയാണിതെന്ന് എല്ലാവരും പറയുന്നു.... നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയെ സമീപിക്കുന്ന കാഞ്ചി ഭായോട് "ആക്ട് ഓഫ് ഗോഡ്" കാരണം ഉണ്ടാകുന്ന നഷ്ട്ടങ്ങള്‍ക്ക് നഷ്ട്ടപരിഹാരം കിട്ടില്ല എന്ന് പറയുന്നു. എന്നാല്‍ ദൈവം തനിക്ക് നഷ്ട്ടപരിഹാരം തരണം എന്ന് പറഞ്ഞ് കാഞ്ചിഭായ് കോടതിയില്‍ പോകുന്നു. ഇത് അറിഞ്ഞ് ജനങ്ങള്‍ കാഞ്ചിഭായിയെ ആക്രമിക്കുന്നു. ഇതോടെ ഭാര്യയും മക്കളും പിണങ്ങി പോകുന്നു. ദൈവങ്ങളെ കോടതികയറ്റാന്‍ പറ്റാത്തതിനാല്‍ ദൈവങ്ങളുടെ പ്രതിപുരുഷനാണ് എന്ന് അവകാശപ്പെടുന്ന ആള്‍ദൈവങ്ങളെ കോടതി കയറ്റുന്നു... ഇതേ ആക്ടിന്റെ പേരില്‍ നഷ്ട്ടപരിഹാരം കിട്ടാത്ത ആള്‍ക്കാരുടെ പിന്‍തുണയും കാഞ്ചിഭായ്ക്ക് കിട്ടുന്നു... അവര്‍ക്ക് ന്ഷ്ട്ടപരിഹാരം കിട്ടുമോ?.. പിണങ്ങിപോയ ഭാര്യയും മക്കളും തിരിച്ച് വരുമോ... കാഞ്ചിഭായ്ക്ക് പിന്നെ എന്ത് സംഭവിക്കും എന്നൊക്കെയാണ് ബാക്കി കഥ.

പരേഷ് റാവല്‍ തന്നെയാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണം. അദ്ദേഹത്തിന്റെ സ്വാഭാവികമായ അഭിനയം ഡയലോഗ് ഡെലിവറി... ശോ! ഒരു രക്ഷയുമില്ല. പിന്നെ ചെറുതാണെങ്കിലും മിഥുന്‍ ചക്രവര്‍ത്തിയുടെ കഥാപാത്രം... അമ്മേ കിടു... :) ദൈവമായി വന്ന അക്ഷയ് കുമാറാണ് കുറച്ച് ഓവര്‍ എന്ന് പറയാവുന്നത്. മൊത്തത്തില്‍ അഭിനേതാക്കളെ മുഴുവന്‍ സംവിധായകന്‍ സമര്‍ഥമായി ഉപയോഗിച്ചിരിക്കുന്നു.  

പാട്ടുകള്‍ ഒന്നും വലിയ ആകര്‍ഷകമല്ലെങ്കിലും പ്രഭുദേവയും സോനാക്ഷിയും വരുന്ന ഗോ ഗോവിന്ദ എന്ന ഗാനം അല്‍പ്പം ഓളം ഒക്കെ ഉണ്ടാക്കുന്നുണ്ട്...
മൊത്തം ഗ്രാഫിക്സും കുഴപ്പമില്ലാതെ ചിത്രത്തോട് ചേര്‍ന്ന് പോകുന്നുണ്ട്.
 
ഈ സിനിമ കണ്ടില്ലെങ്കില്‍ നല്ല ഒരു ആക്ഷേപഹാസ്യ സിനിമ നിങ്ങള്‍ക്ക് നഷ്ട്ടമാകും. കൈവിട്ട് പോകാവുന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കിലും സംവിധായകന്‍ തികഞ്ഞ കൈയ്യടക്കം പാലിച്ചു. തമാശക്ക് വേണ്ടി കൂട്ടിച്ചേര്‍ത്ത ഒറ്റ രംഗം പോലുമില്ലെന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ചിന്തിപ്പിക്കുന്ന ഒരുപാട് ചോദ്യങ്ങളും ഈ സിനിമ മുന്നോട്ട് വെക്കുന്നു. ഈ ചിത്രം തീര്‍ച്ചയായും കാണണമെന്നുതന്നെയാണ് എന്റെ അഭിപ്രായം. 

എന്റെ റേറ്റിങ്ങ് : 8/10
Sep 26, 2012

I Am Back

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ വരവ്...
സിനിമ കാണലിന് ഒരു കുറവും ഇല്ലെങ്കിലും എഴുതാന്‍ സാഹചര്യം കിട്ടാറില്ല എന്നാല്‍ ഇപ്പോ എല്ലാ തിരക്കുകളും അല്‍പ്പം അടങ്ങി... ഇനിമുതല്‍ കാണുന്ന സിനിമകളെ കുറിച്ച് എനിക്ക് തോന്നുന്നത് കുത്തികുറിച്ചിടാം എന്ന് കരുതുന്നു... പഴയ ഒഴുക്കും ഭാഷയും കിട്ടുമോ എന്ന് അറിയില്ല. ഒന്നു രണ്ട് പ്രാവശ്യം എഴുതി നോക്കട്ടെ!!! പറ്റുന്നില്ലേ അപ്പോ നിര്‍ത്താം...
എന്നെ ഒന്നു പേടിപ്പിച്ചാല്‍ മതി ഞാന്‍ നന്നായിക്കൊള്ളാം... 

എന്ന് 
സ്നേഹത്തോടെ 
സിനിമാഭ്രാന്തന്‍

Dec 27, 2010

മന്‍ മദന്‍ അമ്പ്


കഥ,,സംവിധാനം : കെ. എസ്. രവികുമാര്‍
തിരക്കഥ : കമല്‍ഹാസന്‍
നിര്‍മ്മാണം : ഉദയ്നിധി സ്റ്റാലിന്‍
സംഗീതം: ദേവി ശ്രീ പ്രസാദ്
അഭിനേതാക്കള്‍ :കമല്‍ഹാസന്‍, മാധവന്‍, രമേഷ് അരവിന്ദ്, തൃഷ, സംഗീത, ഉര്‍വ്വശി തുടങ്ങിയവര്‍...

തെന്നാലി, പഞ്ചതന്ത്രം, ദശാവതാരം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം കമലും രവികുമാറും ഒന്നിക്കുന്ന ചിത്രമാണ് മന്‍ മദന്‍ അമ്പ്. കമല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഗാനരചനയും. കെ എസ് രവികുമാറും സൂര്യയും ചിത്രത്തില്‍ ഗസ്റ്റ് റോളുകളിലെത്തുന്നുണ്ട്. യൂറോപ്പിലും കൊഡെക്കനാലിലും പിന്നെ ഒരു ആഡംബരക്കപ്പലിലുമായാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. മലയാളത്തില്‍നിന്നും കുഞ്ചനും മഞ്ജുപിള്ളയും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഭൂരിഭാഗം ചിത്രവും കപ്പലില്‍ ചിത്രീകരിച്ചിരിക്കുന്നതിനാല്‍ കപ്പലില്‍ വെച്ച് ഓഡിയോ റിലീസ് നടത്തിയും ചിത്രം വാര്‍ത്തകളിലിടം പിടിച്ചിരുന്നു.

പണക്കാരനായ മദനഗോപാല്‍/മദന്‍(മാധവന്‍) സിനിമാനടിയായ അമ്പുജാക്ഷി/നിഷ/അമ്പ്(തൃഷ)വിവാഹം കഴിക്കാനുള്ള പുറപ്പാടിലാണ്. ഷൂട്ടിങ്ങ് കാണാന്‍ തന്റെ മാതാപിതാക്കളുമായി എത്തുന്ന മദന്‍ സൂര്യയുടെ കൂടെ ഒരു ഗാനരംഗത്തില്‍ അഭിനയിക്കുന്ന നിഷയെ തെറ്റിധരിക്കുന്നു. പിന്നീട് അവധിക്കാലം ചിലവഴിക്കാനായി പാരീസില്‍ എത്തുന്ന നിഷയെ പിന്‍തുടരാന്‍ മേജര്‍ രാജ മന്നാര്‍/മേജര്‍(കമല്‍)എന്ന പ്രൈവെറ്റ് ഡിക്റ്ററ്റീവിനെ ഏര്‍പ്പാട് ചെയ്യുന്നു. പാരീസില്‍ എത്തുന്ന നിഷ തന്റെ സുഹൃത്തായ ദീപയുടെയും(സംഗീത) മക്കളുടെയും കൂടെ യൂറോപ്പ് ചുറ്റിക്കാണാന്‍ പോകുന്നു. തന്റെ സുഹൃത്തായ രാജന്‍ന്റെ(രമേഷ് അരവിന്ദ്) ക്യാന്‍സര്‍ ചികില്‍സയ്ക്ക് പണത്തിനായാണ് മേജര്‍ നിഷയെ പിന്‍തുടരുന്ന ജോലി ഏറ്റെടുത്തത് എന്നാല്‍ പണം കൊടുക്കാതെ പറ്റിക്കാന്‍ ശ്രമിക്കുന്ന മദനെ പറ്റിക്കാനായി നിഷയെ പറ്റി മേജര്‍ മോശം റിപ്പോര്‍ട്ട് കൊടുക്കുന്നു.... ഇങ്ങനെ കള്ളത്തരങ്ങളുടെയും നുണകളുടെയും ഊരാക്കുടുക്കാണ് ബാക്കി ചിത്രം.

കമല്‍ഹാസന്‍,മാധവന്‍, തൃഷ, സംഗീത ഇവര്‍ നിറഞ്ഞ് നില്‍ക്കുകയാണ് ചിത്രത്തില്‍. കുഞ്ചനും മഞ്ജുപിള്ളയും മോശമാക്കിയില്ല... സൂര്യ ഗസ്റ്റ് റോളിലെത്തി ഒരു പാട്ട് അടിച്ച് പൊളിച്ചിരിക്കുന്നു... എന്നാല്‍ "നീല വാനം" എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.... അതിന്റെ ചിത്രീകരണവും പുതുമയും നന്നായിരുന്നു. സൂര്യ അഭിനയിച്ച "ഒയ്യാലെ ഒയ്യാലെ" എന്ന പാട്ടും നന്നായിരുന്നു. പഞ്ചതന്ത്രം, തെന്നാലി എന്നീ ചിത്രങ്ങളിയെതുപോലെ ഒരു സംഭാഷണങ്ങളിലൂന്നിയുള്ള തമാശക്കാണ് ഇതില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് എന്നാ ഈ ചിത്രങ്ങളിലെതുപോലെ ഒരു ഫ്ലോ ചിത്രത്തിന് അവകാശപ്പെടാനില്ല പക്ഷേ ഇപ്പോ ഇറങ്ങുന്ന പടങ്ങളുടെ നിലവാരം വെച്ച് നോക്കുമ്പോ ചിത്രത്തിന് "സംഗതികള്‍" ഉണ്ട്... ഗാനങ്ങള് എല്ലാം ശരാശരി നിലവാരം പുലര്‍ത്തുന്നതാണ്. മരുന്നിനേ ഉള്ളെങ്കിലും ആക്ഷന്‍രംഗങ്ങള്‍ നല്ല നിലവാരം പുലര്‍ത്തി.

ചുരുക്കിപ്പറഞ്ഞാ ആക്ഷനും വയലന്‍സും ഒന്നും ഇല്ലാതെ ഫാന്‍സിന്റെ കൂക്കുവിളികളും കയ്യടിയും ഒന്നും ഇല്ലാതെ സ്വസ്തമായി ഇരുന്ന് കാണാന്‍ പറ്റുന്ന ഒരു ക്ലീന്‍ സിനിമയാണ് ഇത്. കൊടുത്ത കാശ് മൊതലാകും ഇക്കാലത്ത് അങ്ങനെ ഒരു പടം കിട്ടുന്നത് തന്നെ ഭാഗ്യമല്ലേ.....

എന്റെ റേറ്റിങ്ങ് : 6/10