Feb 12, 2009

നാന്‍ കടവുള്‍


സംവിധാനം: ബാല
കഥ,സംഭാഷണം: ജയമോഹന്‍
നിര്‍മ്മാണം:ശിവശ്രീ ശ്രീനിവാസന്‍
സംഗീതം:ഇളയരാജ
അഭിനേതാക്കള്‍ : ആര്യ,പൂജ തുടങ്ങിയവര്‍

ഒടുവില്‍ ബാലയുടെ നാലാമത്തെ ചിത്രമായ നാന്‍ കടവുള്‍ റിലീസായി. മൂന്നുവര്‍ഷത്തില്‍ ഏറെയായി ചിത്രീകരണം ആരംഭിച്ചിട്ട് ചിത്രത്തിലെ നായകനായ ആര്യ ഈ മൂന്ന് വര്‍ഷവും മറ്റ് ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടുമില്ല ബാലയുടെ മുന്‍ ചിത്രങ്ങളായ സേതു,നന്ദ,പിതാമഹന്‍ എന്നിവയൊക്കെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രങ്ങളാണ് ഒപ്പം കൊമേഷ്യലായും വിജയിച്ചിട്ടുണ്ട്.

ജാതക ദോഷത്താല്‍ കാശിയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കുട്ടിയെതേടി കുട്ടിയുടെ പിതാവും സഹോദരിയും വരുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. കാപാലികരുടെ മറ്റൊരു വിഭാഗമായ “അഹോരികള്‍” എന്ന സന്യാസിക്കൂട്ടത്തിലാണ് അവനെ അവര്‍ കാണുന്നത് അഹോരികള്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരെയും മോക്ഷം കൊടുക്കേണ്ടവരെയും തിരിച്ചറിയാന്‍ പറ്റും എന്നാണ് വിശ്വാസം. അഹോരികളുടെ ഗുരുവിനോട് അപേക്ഷിച്ചതുകൊണ്ട് ആകുട്ടിയെ(ആര്യ) ഗുരു പിതാവിന്റെ ഒപ്പം വിടുന്നു. “അഹം ബ്രമ്മാസ്മി“ നീ കാലഭൈരവനാണ് നിനക്ക് കൊല്ലാനുള്ള അധികാരമുണ്ട് എന്ന് ഉപദേശം നല്‍കിയാണ് ഗുരു അവനെ പിതാവിന്റെ കൂടെ വിടുന്നത്. നാട്ടിലെ ജീവിതത്തോട് പൊരുത്തപ്പെടാനാകാതെ അവന്‍ ഒരു മലമുകളിലേക്ക് പോകുന്നു. പിച്ചക്കാരെ വെച്ച് പിച്ചയെടുത്ത് ജീവിക്കുന്ന താണ്ഡവന്‍ എന്ന ആളും അവന്റെ കീഴില്‍ മൃഗങ്ങളെ പോലെ ജീവിക്കുന്ന കുറേ മനുഷ്യമ്മരുടെയും കഥയാണ് മറ്റൊരു വശത്ത് . കാലഭൈരവന്‍ എങ്ങനെ ഈ പിച്ചക്കാരുടെ ജീവിതത്തില്‍ മാറ്റം ഉണ്ടാക്കുന്നു എന്നാണ് ബാക്കി കഥ. പറഞ്ഞ് ഫലിപ്പിക്കാന്‍ പറ്റില്ല ഒരുപാട് സംഭവവികാസങ്ങള്‍ ഉണ്ട് കഥയില്‍.ആത്യന്തികമായി മരണം ഒരു വരമാണ് എന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്.

കാലഭൈരവനായി അഭിനയിച്ച ആര്യ എല്ലാ അര്‍ഥത്തിലും സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നു. തന്റെ ശരീരവും മനസ്സും ചിത്രത്തിനായി പൂര്‍ണമായും ആര്യ സമര്‍പ്പിച്ചിരുന്നു എന്ന് ചിത്രം കണ്ടാല്‍ മനസിലാകും. അന്ധയായ പിച്ചക്കാരിയായി അഭിനയിച്ച പൂജയും തന്റെ റോള്‍ മനോഹരമാക്കി. പിന്നെ പറയേണ്ടത് ചിത്രത്തില്‍ പിച്ചക്കാരായി അഭിനയിച്ചവരെ കുറിച്ചാണ് യഥാര്‍ഥ ഭിക്ഷയാചിക്കുന്നവരാണ് ചിത്രത്തില്‍ ഭിക്ഷാടകരുടെ വേഷത്തില്‍ 80 ശതമാനവും.... അവര്‍ എല്ലാവരുത് തന്നെ വളരെ നന്നായി അവരവരുടെ റോളുകള്‍ കൈകാര്യം ചെയ്തു....

പിന്നെ പറയേണ്ടത് ഇളയരാജയുടെ മ്യൂസിക്കിനെപറ്റിയാണ് ആ മ്യൂസിക്കാണ് ചിത്രത്തിന്റെ ജീവനാഡി എന്ന് വേണമെങ്കില്‍ പറയാം നായകന് ഡയലോഗുകള്‍ വളരെ കുറവാണ് നായകന്‍ പറയേണ്ടതെല്ലാം പറഞ്ഞ് തരുന്നത് മ്യൂസിക്കാണ്.... ഓം ശിവോഹം എന്ന ഗാനം എടുത്ത് പറയാതിരിക്കാന്‍ വയ്യ!!!


എന്നാല്‍ ചിത്രത്തില്‍ ഓവര്‍ വയലന്‍സാണ് ഉള്ളത് സംഘട്ടനരംഗങ്ങളില്‍ ഹോളിവുഡ് ചിത്രങ്ങളില്‍ കാണുന്നത് പോലെ ഉള്ള വയലന്‍സ് രംഗങ്ങളാണ് ഉള്ളത്... പിന്നെ ഭിക്ഷക്കാരെ ചിത്രീകരിച്ചിരിക്കുന്നത് മനം മടുപ്പിക്കുന്ന രീതിയില്‍ ആണ് സ്ലംഗ്ഗോഗിനെ കുറ്റം പറയുന്നവര്‍ ഈ ചിത്രം ഒന്ന് കണ്ട് നോക്കണം... ബാലയുടെ മുന്‍ കാല ചിത്രങ്ങളുടെ നിലവാരത്തിലേക്ക് എത്താന്‍ നാന്‍ കടവുളിനായിട്ടില്ല ബാല എന്ന സംവിധായകന്റെ സ്പര്‍ശം ചിത്രത്തില്‍ ഇല്ല...

എന്നാല്‍ വെത്യസ്തമായ ഒരു സബ്ജക്റ്റ്,ആര്യയുടെ അസാമാന്യ പ്രകടനം, ഇളയരാജയുടെ മ്യൂസിക്ക്, ക്യാമറ വര്‍ക്ക് എന്നിവയൊക്കെ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.... ഒന്ന് കണ്ടാല്‍ നഷ്ട്ടം വരില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം


എന്റെ റേറ്റിങ്ങ് 3.5/5

Feb 7, 2009

ഹെയ്‌ലസ


സംവിധാനം: താഹ
കഥ,തിരക്കഥ: സജി ദാമോദര്‍,താഹ
നിര്‍മ്മാണം: കിച്ചു ഫിലിംസ്
സംഗീതം:ഔസേപ്പച്ചന്‍
അഭിനേതാക്കള്‍ : സുരേഷ്‌ഗോപി, ലാലു അലക്‌സ്, തിലകന്‍, മുക്ത, വിജയരാഘവന്‍, സുരാജ്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു തുടങ്ങിയവര്‍...

ഉണ്ണികൃഷ്ണന്‍(സുരേഷ് ഗോപി) വെറും 5ആം ക്ലാസും ഗുസ്തിയുമായി തന്റെ വളര്‍ത്തച്ഛന്റെ(വിജയരാഘവന്‍) വളം കമ്പനിയില്‍ പണിയെടുത്ത് നടക്കുന്ന ഒരു നാട്ടുമ്പുറത്തുകാരനാണ് തന്റെ വളര്‍ത്തച്ഛന്‍ ചയ്യുന്ന ഒരു കുറ്റം ഏറ്റെടുത്ത് ഇയാള്‍ നാട് വിടുന്നു. വളര്‍ത്തച്ഛന്റെ യഥാര്‍ഥ മകനായ ഉല്പലാക്ഷന്‍(സുരാജ്) അയച്ച ഒരു സഹായിയെ ആവശ്യമാണെന്ന പരസ്യവും കൊണ്ടാണ് കൃഷ്ണന്‍ നാട് വിടുന്നത് .ഗണപതി അയ്യര്‍ കോടീശ്വരനാണ്. ദീര്‍ഘനാളത്തെ വിദേശവാസത്തിനുശേഷം ഇദ്ദേഹം നാട്ടില്‍ തിരിച്ചെത്തുന്നു. എന്തോ കാര്യമായ പ്രശ്‌നം അയ്യരെ അലട്ടുന്നുണ്ട്. ആ പ്രശ്‌നം പരിഹരിക്കാന്‍ അയാള്‍ക്കൊരു സഹായിയെ വേണം. സഹായിക്കുവേണ്ടി പത്രത്തില്‍ പരസ്യംകൊടുത്ത അയ്യരുടെ അടുക്കലാണ് ഉണ്ണികൃഷ്ണന്‍ എത്തുന്നത്. ആദ്യം നീരസം തോന്നിയെങ്കിലും അയാളിലെ സത്യസന്ധത ബോധ്യപ്പെട്ട അയ്യര്‍ കൃഷ്ണനെ സഹായിയായി നിയമിക്കുന്നു. ഇതിനിടെ കൃഷ്ണന്റെ സുഹൃത്തായ ഉത്പലാക്ഷനും ഇവരോടൊപ്പം ചേര്‍ന്നു. കാണാതായ തന്റെ ഭാര്യയെയും മകളെയും കണ്ടെത്തികൊടുക്കണമെന്ന് അയ്യര്‍ കൃഷ്ണനോട് ആവശ്യപ്പെടുന്നു. അയ്യരുടെ ആവശ്യം കേട്ട കൃഷ്ണനും ഉത്പലാക്ഷനും വളരെ നേരത്തെ ആലോചനയ്ക്കുശേഷം ഗണപതിഅയ്യരുടെ ആവശ്യം ഏറ്റെടുക്കാന്‍ തയ്യാറാകുന്നു. രോഗം കൂടി അത്യാസന്ന നിലയിലാകുന്ന അയ്യരെ രക്ഷിക്കാന്‍ ഒരു ഡ്യൂപ്ലിക്കേറ്റ് മകളെ കാണിച്ച് കൊടുക്കാന്‍ അവര്‍ തീരുമാനിക്കുന്നു. അങ്ങനെ അവിടെ ശാലിനി(മുക്ത) എത്തുന്നു. കൃഷ്ണന്റെ അന്വേഷണത്തില്‍ അയ്യരുടെ ഭാര്യയും മകളും മരിച്ചു എന്ന് അറിയുന്നു ഗണപതി അയ്യരുടെ പഴയ സുഹൃത്തായിരുന്ന ഈശ്വരന്‍ നമ്പൂതിരി(തിലകന്‍)യില്‍നിന്നാണ് കൃഷ്ണന്‍ ഈ വിവരം അറിയുന്നത് . പിന്നീട് ശാലിനിയെ ഓടിക്കാന്‍ കൃഷ്ണനും ഉല്പനും നടത്തുന്ന ശ്രമങ്ങളാണ് കഥ എന്ന് പറയപ്പെടുന്നത് .

സുരേഷ് ഗോപിക്ക് തിയേറ്ററിലെക്ക് ആളെകയറ്റാനുള്ള കഴിവ് പൂര്‍ണമായും നഷ്ട്ടപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ റിലീസിങ്ങ് സെന്ററിലെ തിരക്ക്(എന്റെ നാട്ടില്‍) എന്നാല്‍ ഇത്തരം പടങ്ങളില്‍ അഭിനയിച്ചുകൊണ്ടിരുന്നാല്‍ ഗോപിച്ചേട്ടന്‍ വീണ്ടും വീട്ടില്‍ ഇരിക്കേണ്ടിവരും എന്നതിന്റെ തെളിവായിരുന്നു തിയേറ്ററില്‍ ഉയര്‍ന്ന കൂവലുകള്‍....(എന്നാലും കളേഴ്സിനെകാളും സഹിക്കബിളായിരുന്നു) മൊത്തത്തില്‍ ഒരു 5-8 വര്‍ഷം മുന്‍പ് എടുക്കേണ്ടിയിരുന്ന സിനിമ, ഗോപിച്ചേട്ടന്റെ കോമഡി എന്ന സാഹസം, ടോം&ജെറി മോഡല്‍ തമാശകള്‍ ഇങ്ങനെ ഒരുവിധം പ്രേക്ഷകനെ കൊല്ലാനുള്ള എല്ലാ വിഭവങ്ങളുമുണ്ട് ചിത്രത്തില്‍. അനില്‍ പനച്ചൂരാന്‍, ഷിബു ചക്രവര്‍ത്തി, രാജീവ് ആലുങ്കല്‍, ഔസേപ്പച്ചന്‍ ടീമിന്റെ സംഗീത്തിന് പ്രേക്ഷകരില്‍ വലിയ ഓളം ഉണ്ടാക്കാന്‍ സാധിച്ചില്ല. എന്നാലും ചെറിയ ചെറിയ തമാശകളൊക്കെയുണ്ട് ചിത്രത്തില്‍.... സമയം പോകാന്‍ മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍ ബാക്കി തമിഴ്,ഹിന്ദി ചിത്രങ്ങള്‍ എല്ലാം കണ്ടുതീര്‍ന്നെങ്കില്‍ ഒരു പ്രതീക്ഷയും വെക്കാതെ ഒന്ന് കണ്ടുനോക്കൂ.... ചിലപ്പോ വല്യ കുഴപ്പം വരില്ല.

പിന്നെ ചിത്രത്തിന്റെ ടൈറ്റിലിനെ കുറിച്ച്.... വെറും നിഷ്കളങ്ക നിരക്ഷരകുക്ഷിയായ നായകന് ഫൈറ്റ് ചെയ്യണമെങ്കില്‍ ആരേലും ഹെയ്‌ലസ...ഹെയ്‌ലസ... എന്ന് പ്രോത്സാഹിപ്പിക്കണം. അതാ ഈ പേര് :(

കളേഴ്‌സിനെകാളും ലൌ ഇന്‍ സിങ്കപ്പോറിനെക്കാളും കണ്ടിരിക്കബിള്‍ ആണ് ഈ ചിത്രം

എന്റെ റേറ്റിങ്ങ് 1.5

Jan 31, 2009

ലക് ബൈ ചാന്‍സ്


സംവിധാനം: സോയ അക്തര്‍
കഥ,തിരക്കഥ: സോയ അക്തര്‍, ഫര്‍ഹാന്‍ അക്തര്‍
നിര്‍മ്മാണം: ഫര്‍ഹാന്‍ അക്തര്‍
ഗാനരചന,സംഭാഷണം: ജാവേദ് അക്തര്‍
സംഗീതം: ശങ്കര്‍-ഏസാന്‍-ലോയി
അഭിനേതാക്കള്‍ : ഫര്‍ഹാന്‍ അക്തര്‍, ഹൃദ്വിക് റോഷന്‍ , കങ്കണ സെന്‍ ,റിഷി കപ്പൂര്‍ , ഡിംബിള്‍ കപാഡിയ ജൂഹി ചവ്‌ല തുടങ്ങിയവര്‍

റോക്ക് ഓണിനുശേഷം ഫര്‍ഹാന്‍ അക്തര്‍ നായകനാകുന്ന ചിത്രമാണിത്, ഫര്‍ഹാന്റെ സഹോദരി തന്നെയാണ് ഇതിന്റെ സംവിധായിക ബോളിവുഡിന്റെ ഉള്ളുകളികളാണ് ചിത്രത്തിന്റെ പ്രമേയം എന്നാല്‍ പുതുമയുള്ള ഒരു പ്രമേയമാണ് ഇത് എന്ന് അവകാശപ്പെടാന്‍ പറ്റില്ല. ബോളിവുഡില്‍ ഹീറോ ആകണമെങ്കില്‍ ടാലന്റിന്റെ കൂടെ ഭാഗ്യവും കൂടി വേണം എന്നാണ് ചിത്രത്തിന്റെ ബേസിക് തീം. ഷബാന ആസ്മി, ജാവേദ് അക്തര്‍, അമീര്‍ ഖാന്‍, ഷാറൂഖാന്‍, അബിഷേക് ബച്ചന്‍, ജോണ്‍ എബ്രഹാം, റാണി മുഖര്‍ജി, കരീന,ദിയ,കരണ്‍ ജോഹര്‍, രണ്‍ബീര്‍, വിവേക് ഒബ്രായി, ബൊമ്മന്‍ ഇറാനി, അക്ഷയ് ഖന്ന, രാജ് കുമാര്‍ ഹിറാനി തുടങ്ങിയ വന്‍ താര നിരതന്നെ ചിത്രത്തില്‍ അവരായും അല്ലാതെയും അതിഥി താരങ്ങളായി എത്തുന്നുണ്ട്

ബോളിവുഡില്‍ നായികയാകാനെത്തി ചെറിയ ചെറിയ റോളുകളില്‍ അഭിനയിക്കേണ്ടിവരുന്ന സോന മിശ്ര(കങ്കണ)യില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. അഭിനയം പഠിച്ച് ബോളിവുഡില്‍ നായകനാകാന്‍ ഡല്‍ഹിയില്‍ നിന്നും എത്തുന്ന വിക്രം ജയ്സിങ്ങ് (ഫര്‍ഹാന്‍) ഇവര്‍ തമ്മില്‍ പരിചയമാകുന്നു . റോമി റോളി(റിഷി കപ്പൂര്‍) നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ നിന്നും സഫര്‍ ഖാന്‍(ഹൃദിക്) ഇമേജിന്റെ പേര് പറഞ്ഞ് പിന്മാറുന്നു അതിലേക്ക് റോമി പുതുമുഖത്തെ അന്വേഷിക്കുന്നു സോന വഴി വിക്രമിന്റെ ഫോട്ടോസ് റോണിയുടെ കയ്യില്‍ എത്തുന്നു അവന്‍ ഹീറോ ആകുന്നു. ഹീറോ ആകുന്നതോടെ അവന് എന്തെല്ലാം മാറ്റങ്ങള്‍ വരുന്നു. അവന്റെ ബന്ധങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഹിന്ദി ഫിലിം ഇന്റ്സ്ട്രിയുടെ ഉള്ളുകളികള്‍ കുതികാല്‍ വെട്ടലുകള്‍ അന്ധവിശ്വാസങ്ങള്‍ തുടങ്ങിയവയും കഥയില്‍ പ്രദിപാതിക്കുന്നുണ്ട്. സോനയില്‍ തുടങ്ങി സോനയില്‍ അവസാനിക്കുന്ന രീതിയിലാണ് കഥ പറഞ്ഞ് പോകുന്നത്

ഫര്‍ഹാന്‍ ഇത്തവണയും നിരാശപ്പെടുത്തിയില്ല, ഒരു സംവിധായകന്‍ മാത്രമല്ല നല്ല ഒരു നടനും കൂടിയാണ് താന്‍ എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. സോനയായി കങ്കണയും തിളങ്ങി. ഹൃദിക് ഇമേജ് നോക്കാതെ അല്‍പ്പം നെഗറ്റീവ് ടെച്ചുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു കൂടാതെ നല്ല ഒരു ഡാന്‍സ് നമ്പറും. ശങ്കര്‍-ഏസാന്‍-ലോയുടെ പാട്ടുകള്‍ നന്നായിട്ടുണ്ട് ഒരു ഗാനം ഇതിനോടകം തന്നെ ഹിറ്റായികഴിഞ്ഞു. വലിയ താരനിരയുണ്ടെങ്കിലും ഇവരെ ആരെയും തന്നെ 30 സെക്കന്റില്‍ കൂടുതല്‍ കാണിക്കുന്നില്ല ചില ആള്‍ക്കാര്‍ക്ക് ഡയലോഗ് പോലും ഇല്ല, അമീറിനെയും ഷാറൂഖിനെയും ഹൃദിക്കിനെയും കണ്ട് സിനിമ കാണാന്‍ വന്ന പലരും ഇടയ്ക്ക് വെച്ച് എഴുന്നേറ്റ് പോകുന്നത് കാണാമായിരുന്നു. ചിത്രം പൂര്‍ണമായും കൊമേഷ്യല്‍ വല്‍ക്കരിച്ചിട്ടില്ല അതുകൊണ്ട് തന്നെ ഒരു തട്ടുപൊളിപ്പന്‍ ഹിന്ദി ചിത്രം കാണാം എന്ന പ്രതീക്ഷയോട്കൂടി ആരും തിയേറ്ററിലേക്ക് പോകേണ്ട. എന്നാല്‍ ഹിന്ദി കുറച്ചെങ്കിലും മനസിലാകുന്ന ഒരാള്‍ക്ക് ബോറഡി കൂടാതെ ഇരുന്ന് കാണാവുന്ന ചിത്രമാണ് ഇത്.

റേറ്റിങ്ങ് : 3.5/5