Showing posts with label മലയാളം. Show all posts
Showing posts with label മലയാളം. Show all posts

Jun 14, 2009

ഇവര്‍ വിവാഹിതരായാല്‍...?


സംവിധാനം: സജി സുരേന്ദ്രന്‍
തിരക്കഥ: കൃഷ്ണ പൂജപ്പുര
നിര്‍മ്മാണം: എസ്. ഗോപകുമാര്‍
സംഗീതം: എം.ജയചന്ദ്രന്‍
അഭിനേതാക്കള്‍ :ജയസൂര്യ, സിദ്ദിഖ്, നെടുമുടി വേണു, ഗണേ ഷ്കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഭാമ, സംവൃതാ സുനില്‍, രേഖ, കലാരഞ്ജിനി, മല്ലിക സുകുമാരന്‍ തുടങ്ങിയവര്‍...

സീരിയലുകളിലൂടെ ശ്രദ്ധേയനായ(?) സജി സുരേന്ദ്രന്റെ ആദ്യ സിനിമയാണ് ഇവര്‍ വിവാഹിതരായാല്‍.


പിണങ്ങിപ്പിരിഞ്ഞ് ഒരേ അപ്പാര്‍ട്ട്മെന്റില്‍ തൊട്ടടുത്ത ഫ്ലാറ്റുകളില്‍ ജീവിക്കുന്ന അഭിഭാഷകദമ്പതികളുടെ പുത്രനാണ് എം ബി എ വിദ്യാര്‍ഥിയായ വിവേക് . കൂട്ടായി 4 സുഹൃത്തുക്കളും. വിവേകിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് കല്യാണം കഴിക്കണം എന്നത്. അവസാനം വിവേകിന്റെ നിര്‍ബധപ്രകാരം അച്ഛനമ്മമാര്‍ വിവാഹത്തിന് സമ്മതിക്കുന്നു അങ്ങനെ ഇരുപത്തിരണ്ടുകാരനായ വിവേകിന്റെ വധുവായി ഇരുപതുകാരിയായ കാവ്യ എത്തുന്നു. വിവേക്‌,കാവ്യ ബന്ധം കുഴപ്പത്തിലാകാന്‍ അധിക നാള്‍ വേണ്ടിവന്നില്ല. അങ്ങനെ അച്ഛനും അമ്മയും മകനും ഭാര്യയും എല്ലാ ബന്ധങ്ങളും കുഴപ്പത്തിലാകുന്നു. അവസാനം പ്രശ്നങ്ങള്‍ എല്ല്ലാം കലങ്ങിതെളിയുന്നു.. നിരന്ന് നിന്ന് ചിരിക്കുന്നു...മംഗളം!!ശുഭം... ദി എന്‍ഡ്.

ആദ്യ പകുതി വലിയ കുഴപ്പം ഇല്ല... എന്നാല്‍ രണ്ടാം പകുതി വലിച്ച് നീട്ടി മാക്സിമം കൊളമാക്കിയിട്ടുണ്ട്... ഒരു ഡയലോഗില്‍ തീര്‍ക്കേണ്ട കാര്യം 10-15 സീന്‍,ഒരു പാട്ട് ഹൊ!! സാധാരണ സുരാജ് ഉണ്ടെങ്കില്‍ മൂപ്പരെ കൊണ്ട് പറ്റാവുന്ന രീതിയില്‍ നാട്ടുകാരെ ബോറഡിപ്പിക്കാറുണ്ട്.... എന്നാല്‍ ഈ ചിത്രത്തില്‍ അങ്ങേര് ഇല്ലെങ്കിള്‍ ബോറായേനെ.... വിവേകിനെ അഭിനയിച്ച് ഫലിപ്പിക്കാന്‍ ജയസൂര്യ അധികം കഷ്ട്ടപ്പെട്ട് കാണില്ല... അതെന്താന്ന് സിനിമ കണ്ടാല്‍ അറിയാം... പിന്നെ വിവേകിന്റെ ഫ്രണ്ട് ആയിവന്ന സ്മവൃതയും നന്നായി.... പിന്നെ ജയസൂര്യയുടെ പൊട്ടത്തരങ്ങളും സുരാജിന്റെ തമാശകളും ഇടക്കൊക്കെ നമ്മളെ ചിരിപ്പിക്കും...

ഗാനങ്ങള്‍ കുഴപ്പമില്ല.. “എനിക്ക് പാടാന്‍” എന്ന് തുടങ്ങുന്ന ഗാനം ഇതിനകം ഹിറ്റായികഴിഞ്ഞു... പിന്നെ ആ പാട്ടിന്റെ എഡിറ്റിങ്ങ് ആല്‍ബം സോങ്ങിനെ ഓര്‍മ്മിപ്പിക്കും.. പിന്നെ പഴയ ഹിറ്റ് ഗാനമായ “പൂമുഖവാതില്‍ക്കല്‍”
ജയസൂര്യയും നവ്യാനായരും മത്സരിച്ച് കൊളമാക്കിയിട്ടുണ്ട്.... തിയേറ്ററില്‍ ആദ്യ കൂവല്‍ ഉയര്‍ന്നത് ആ പാട്ടില്‍ നവ്യാനായരെ കാണിച്ചപ്പോഴായിരുന്നു..... പിന്നെ കൂവല്‍ ക്ലൈമാക്സിന് മാത്രം....

പിന്നെ സിനിമ കണ്ട് പുറത്തിറങ്ങിയാല്‍ ഒരു 100 സംശയങ്ങള്‍ എങ്കിലും നമുക്ക് തോന്നും... അതിനൊന്നും ഉത്തരം തരാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല... ചുരുക്കത്തില്‍ രണ്ടരമണിക്കൂര്‍ ഉള്ള ഒരു സീരിയല്‍ എന്ന് വേണമെങ്കില്‍ പറയാം....

എന്റെ റേറ്റിങ്ങ് : 2/5

Jun 6, 2009

കാഞ്ചീപുരത്തെ കല്യാണം



സംവിധാനം: ഫാസില്‍- ജയകൃഷ്ണ
തിരക്കഥ: ജെ പള്ളാശേരി
നിര്‍മ്മാണം: സോമന്‍ പല്ലാട്ട്
സംഗീതം: എം.ജയചന്ദ്രന്
അഭിനേതാക്കള്‍ : സുരേഷ് ഗോപി, മുകേഷ്, ജഗതി, ഇന്നസെന്‍റ്, ഹരിശ്രീ അശോകന്‍, ജഗദീഷ്, തുടങ്ങിയവര്‍...


നവാഗതരായ ഫാസില്‍- ജയകൃഷ്ണ സംവിധാനം ചെയ്ത ചിത്രമാണ് കാഞ്ചീപുരത്തെ കല്യാണം

സുഹൃത്തുക്കളായ അച്യുതന്‍‌കുട്ടിയും നജീബും ചേര്‍ന്ന് നടത്തിയ ഫ്രണ്‍സ് ഇവന്റ് മാനേജ്‌മെന്റ് കമ്പനി അച്യുതന്‍‌കുട്ടിയുടെ സഹോദരിയെ നജീബ്‌ പ്രേമിച്ച് വിവാഹം കഴിക്കുന്നതോടെ രണ്ടു കമ്പനികളായി മാറുന്നു .ഇവര്‍ പുറമേ ശത്രുക്കളായി ഭാവിക്കുമെങ്കിലും ഉള്ളില്‍ നിറയെ സ്നേഹം കൊണ്ട് നടക്കുന്നവരാണ് .വിവാഹം വേണ്ടെന്നു പറഞ്ഞു നടക്കുന്ന അച്യുതന്‍‌കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ നജീബ്‌ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ കാതല്‍ .അച്യുതന്‍‌കുട്ടിയുടെ സഹായിയായി പി എം പ്രേമചന്ദ്രനും നജീബിന്റെ സഹായിയായി സി എം പ്രേമചന്ദ്രനും ഉണ്ട്. മീനാക്ഷി എന്ന പെണ്‍കുട്ടിയുടെ കല്യാണത്തിന്റെ ഇവന്റ് മാനേജേഴ്‌സ് ആയി ഇവര്‍ രണ്ടു പേരും കാഞ്ചീപുരത്ത് എത്തുന്നു പിന്നീട് അവിടെ നടക്കുന്ന സംഭവ വികാസങ്ങളാണ് കഥ...


പുതുമയില്ലാത്ത കഥ,ഊഹിക്കാവുന്ന കഥാഗതി,സുരേഷ് ഗോപിയുടെ അമിതാഭിനയം,ഒരുമാതിരി വൃത്തികെട്ടതമിഴ്(മലയാളികള്‍ക്ക് തമിഴ് അറിയില്ലെന്നാണോ ഇവരുടെയൊക്കെ വിചാരം... സുബ്രമണ്യപുരവും പോക്കിരിയും ഗജനിയുമൊക്കെ കേരളത്തില്‍ 100 ദിവസം തികച്ച് ഓടിയത് ഇവമ്മാരൊന്നും അറിഞ്ഞില്ലേ???)
ഗാനങ്ങളും ഓര്‍മ്മയില്‍ നില്‍ക്കാന്‍ സാധ്യതയില്ല... എന്നാലും ചില തമാശകളൊക്കെ നമ്മളെ ചിരിപ്പിക്കും ആദ്യ പകുതി സാമാന്യം കുഴപ്പമില്ലാതെ കണ്ടിരിക്കാം..ഇതൊക്കെ ആണെങ്കിലും ഒന്നും പ്രതീക്ഷിക്കാതെ മറ്റൊരു പണിയും ഇല്ലെങ്കില്‍ ഈ സിനിമ കണ്ടാല്‍ ചിലപ്പോ മുഷിയില്ല.....


എന്റെ റേറ്റിങ്ങ് : 2/5

May 15, 2009

ഭഗവാന്‍


സംവിധാനം,തിരക്കഥ: പ്രശാന്ത്‌ മാമ്പുള്ളി
നിര്‍മ്മാണം: പി.കെ ചന്ദ്രന്‍
സംഗീതം: ????
അഭിനേതാക്കള്‍ :മോഹന്‍ലാല്‍,ഡാനിയല്‍ ബാലാജി,സുധീഷ്,ശിവജി ഗുരുവായൂര്‍,ലെന,ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവര്‍...



മലയാള സിനിമാ ചരിത്രത്തിലാദ്യമായാണ് ഒരു റിയല്‍ ടൈം മൂവി ഇറങ്ങുന്നത്. കൂടാത്ര് വെറും 19മണിക്കൂര്‍ കൊണ്ട് നിര്‍മ്മിച്ച ചിത്രം എന്ന പ്രത്യേകതയും ചിത്രത്തുനുണ്ട്.. ഒറ്റ ലൊക്കേഷനില്‍ ആറോളം ക്യാമറകള്‍ കൊണ്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം ലോകനാഥന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ പ്രശാന്ത്‌ മാമ്പുള്ളി ആണ് ചിത്രത്തിന്റെ സംവിധായകന്‍


ഡോ. ബാലഗോപാല്‍. ഇദ്ദേഹം ഒരു ഗൈനക്കോളജിസ്റ്റ് ആണ്. അദ്ദേഹം വര്‍ക്ക് ചെയ്യുന്ന ഹോസ്പിറ്റലില്‍ തീവ്രവാദികള്‍ കയറിയിരിക്കുന്നു. അവരുടെ ലക്ഷ്യപ്രാപ്തിക്കായി കേരള ആഭ്യന്തര വകുപ്പ് മന്ത്രി സക്കറിയ തോമസിന്റെ മകളെ തീവ്രവാദികള്‍ കിഡ്‌നാപ്പ് ചെയ്തിട്ടുണ്ട്. നിരവധി പേരുടെ ജീവന്‍ അപകടത്തിലാണ്. ആരും ഒന്നും അറിഞ്ഞിട്ടില്ല. എന്തും ചെയ്യാന്‍ മടിക്കാത്ത തീവ്രവാദികള്‍. അവര്‍ക്ക് ലക്ഷ്യമാണ് പ്രധാനം. ചില ഭാഗങ്ങളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നുകൂടി അറിയാനിടയായതോടെ ബാലഗോപാല്‍ പ്രതികരിക്കുന്നു ഇതാണ് ചിത്രത്തിന്റെ കഥ.

സംവിധാനം പ്രശാന്ത്‌ മാമ്പുള്ളിക്ക് പറ്റിയ പണിയല്ല എന്ന് ചിത്രത്തിന്റെ ആദ്യ ഷോട്ട് കണ്ടാല്‍ തന്നെ അറിയാം... മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ 19മണിക്കൂര്‍ ചുമ്മാ വേസ്റ്റാക്കി... ആസമയം ഭാര്യയുടെയും മക്കളുടെയും അടുത്തെങ്കിലും ഇരിക്കാമായിരുന്നു അദ്ദേഹത്തിന്... ആവശ്യമില്ലാതെ വാരിവിതറിയ സ്പെഷല്‍ ഇഫക്റ്റ്.. വലിച്ച് നീട്ടിയ ഷോട്ടുകള്‍... കുത്തിക്കേറ്റിയ പാട്ടുകള്‍... റിപ്പീറ്റ് സീന്‍സ്... തുമ്പും വാലുമില്ലാത്ത കഥ പറച്ചില്‍... അങ്ങനെ ആകെ മൊത്തം കടുത്ത മോഹന്‍ലാല്‍ ആരാധകരെകൊണ്ട് പോലും കൂവിക്കാനുള്ള എല്ലാ പണിയും പ്രശാന്ത്‌ മാമ്പുള്ളി ഈ ചിത്രത്തില്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്...

കൂടുതല്‍ എന്ത് പറയാന്‍ എന്തൊക്കെയോ ആക്കണം എന്ന് കരുതി ഉണ്ടാക്കിയിട്ട് അവസാനം ഒന്നും ആയില്ല എന്ന് പറയുന്നതായിരിക്കും നല്ലത് റിയല്‍ ടൈം സ്റ്റോറി എന്ന് പേരും പറഞ്ഞ് ചുമ്മാ ഇടക്കിടക്ക് സമയം എഴുതിക്കാണിച്ചാല്‍ അത് ഭയങ്കര സംഭവമാകുമോ????

ഗൂഗിള്‍ എര്‍ത്തില്‍ ഇമേജും എടുത് അതില്‍ ചുവന്ന വട്ടത്തില്‍ ബോംബ് എന്ന് എഴുതി റോഡിലൂടെ പച്ച ഏറോമാര്‍ക്ക് ബോംബിന്റെ അടുക്കല്‍ എത്തിച്ച് പിന്നെ “ഡിഫ്യൂസ്ഡ്” എന്ന് എഴുതിക്കാണിക്കും... അപ്പൊ ബോംബ് ഡിഫ്യൂസായി എന്ന നമ്മള്‍ വിശസിക്കണം.... പിന്നെ ഒരു ലാപ് ടോപ്പില്‍ പെന്‍ ഡ്രൈവ് കുത്തി
കൌണ്ട് ഡൌണ്‍ ചെയ്യൂന്നതായി കാണിച്ചാല്‍ ഇപ്പോ ബോംബ് പൊട്ടും എന്നും നമ്മള്‍ വിശ്വസിക്കണം... കൂടാതെ ഈ “കൌണ്ട് ഡൌണ്‍“ തന്നെ ഫുള്‍ സ്ക്രീനില്‍ മൂന്ന് മിനിറ്റോളം കാണിക്കുന്നുണ്ട്...


ചിത്രത്തില്‍ മുന്ന് പാട്ടുകള്‍ ഉണ്ട് എന്ന് മനസിലായി പക്ഷേ ആരാധക ലക്ഷങ്ങളുടെ ശബ്ധഘോഷത്തില്‍(കൂവല്‍) എനിക്ക് ഒന്നും കേള്‍ക്കാന്‍ പറ്റിയില്ല.. അതുകൊണ്ട് “നോ കമന്‍സ്” ആകെ ഉള്ള ഒരാശ്വാസം പടം 2 മണിക്കൂര്‍ മാത്രമേ ഉള്ളൂ എന്നാണ്... സിനിമയുടെ തുടക്കത്തില്‍ ലാലേട്ടനും മാമ്പുള്ളിച്ചേട്ടനും കീ ജയ് വിളിച്ചിരുന്ന ഫാന്‍സ് അസോസിയേഷന്‍കാര്‍... അവസാനം മാന്യദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബക്കാര്‍ക്കും പിതാമഹന്മാര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുണ്ടായിരുന്നു അതും നല്ല എരിവും പുളിയും ചേര്‍ത്ത്....

ചുരുക്കി പറഞ്ഞാല്‍ നല്ല പെരുമഴയത്ത് പോലും “ഭഗവാന്‍” അവതരിച്ചിരിക്കുന്ന തിയേറ്ററിനും മുന്നില്‍ പെട്ടാല്‍
മഴ കൊണ്ടോട്ടെ എന്ന് വെക്കുക!!!

എന്റെ റേറ്റിങ്ങ് : 1/5(ലാലേട്ടന്റെ 19 മണിക്കൂറിന്)

Apr 23, 2009

ഭാഗ്യദേവത







സംവിധാനം,തിരക്കഥ: സത്യന്‍ അന്തിക്കാട്
കഥ: രാജേഷ് ജയരാമന്‍
നിര്‍മ്മാണം: ഹംസ
സംഗീതം: ഇളയരാജ
അഭിനേതാക്കള്‍ :ജയറാം, നരേന്‍, കനിഹ, ഇന്നസെന്റ്, മാമുക്കോയ, നെടുമുടി വേണു, വേണു നാഗവള്ളി, പി. ശ്രീകുമാര്‍ തുടങ്ങിയവര്‍...

ഇന്നത്തെ ചിന്താവിഷയത്തിന് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഭാഗ്യദേവത” “മനസിനക്കരെ” എന്ന ചിത്രത്തിന് ശേഷം ജയറാമും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.


ഇടത്തരം ക്രിസ്‌ത്യന്‍ കുടുംബത്തിന്റെ കുടുംബനാഥനാന് സ്റ്റാര്‍ ഷൈന്‍ കേബിള്‍ നടത്തുന്ന ബെന്നി. കേബിള്‍ ടിവി കൊണ്ട് ബെന്നിയ്‌ക്ക്‌ കാര്യമായ വരുമാനമൊന്നും ലഭിയ്‌ക്കുന്നില്ല. കൂടെ പഠിച്ചവരും കൂട്ടുകാരുമെല്ലാം ഇന്ന്‌ സമ്പന്നരാണ്‌. ജീവിത പ്രാരാബന്ധം കൂടിയപ്പോള്‍ അയാള്‍ ഒരു ഫിഷിങ്ങ് ബോട്ട് വാങ്ങാനായി ശ്രമിക്കുന്നു.. അതിനായി കണ്ടെത്തിയ വഴിയോ 5 ലക്ഷം സ്ത്രീധനം വാങ്ങി കല്യാണം കഴിക്കുക. എന്നാല്‍ കല്യാണം കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് സ്ത്രീധനം കിട്ടിയില്ല... മൂന്നുമാസത്തെ അവധിയും കഴിഞ്ഞപ്പോള്‍ ബെന്നി ഭാര്യയായ ഡേയ്സിയെ അവളുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി... ഭാര്യാപിതാവുമായി വഴക്കും വക്കാണവുമായി... ഇനി ഈ വീടിന്റെ പടി ചവിട്ടില്ല എന്നും പറഞ്ഞ് ബെന്നി ഭാര്യവീട്ടീന്ന് ഇറങ്ങി.... പിറ്റേന്ന് രാവിലെ ബെന്നീടെ ഭാര്യക്ക് 2 കോടിരൂപ ലോട്ടറി അടിച്ചു എന്ന വാര്‍ത്ത കേട്ടാണ് ബെന്നി ഉറക്കമെഴുന്നേല്‍ക്കുന്നത്..... പിന്നീട് ഭാര്യയെ തിരിച്ച് വിളിക്കാന്‍ ബെന്നി നടത്തുന്ന പരാക്രമങ്ങളാണ് ചിത്രത്തിന്റെ ബാക്കി കഥ....


ലളിതമായ കഥ ലളിതമായ കഥപറച്ചില്‍ എന്ന സ്ഥിരം സത്യന്‍ അന്തിക്കാട് സ്റ്റൈലില്‍ തന്നെയാണ് ഈ ചിത്രവും സത്യന്‍ അന്തിക്കാട് ഒരുക്കിയിരിക്കുന്നത്... ബെന്നിയായി ജയറാമും ഭാര്യയായി കനിഹയും തകര്‍ത്ത് അഭിനയിച്ചിരിക്കുന്നു... എടുത്ത് പറയേണ്ട ഒരു കാര്യം തമാശ ഉണ്ടാക്കാനായി ഒരു രംഗത്തും ഒന്നും കുത്തിക്കേറ്റിയിട്ടില്ല സ്വാഭാവികമായ തമാശകളാണ് ചിത്രത്തില്‍... ആള്‍ക്കാരെ പൊട്ടിച്ചിരിപ്പിക്കും തലകുത്തി മറിയിക്കും എന്നൊന്നും അവകാശപ്പെടാനില്ല എന്നാല്‍ ഒരു ചെറു ചിരിയോടെ മാത്രമേ മിക്ക രംഗങ്ങളും നമുക്ക് കണ്ടിരിക്കാന്‍ സാധിക്കൂ... ഇളയരാജ ഈണം നല്‍കിയ ഈ ചിത്രത്തില്‍ ഗാനങ്ങള്‍ മനോഹരങ്ങളാണ്.... അവ വിണ്ടും വീണ്ടും കേള്‍ക്കാന്‍ നമ്മളെ പ്രേരിപ്പിക്കും... ചുരുക്കത്തില്‍ ഈ മധ്യവേനല്‍ അവധിയില്‍ കുടുംബപ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ എത്താന്‍ മറ്റൊരു കാരണം കൂടി.

എന്റെ റേറ്റിങ്ങ് : 3/5

Apr 13, 2009

സമസ്ത കേരളം പി.ഒ


സംവിധാനം: ബിപിന്‍ പ്രഭാകര്‍
കഥ,തിരക്കഥ,സംഭാഷണം: ഗിരീഷ് കുമാര്‍
നിര്‍മ്മാണം: ഹൌളി പോട്ടൂര്‍
സംഗീതം: എം.ജയചന്ദ്രന്‍
അഭിനേതാക്കള്‍ :ജയറാം,പ്രിയങ്ക, സൈറ ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ജനാര്‍ദ്ദനന്‍, ശിവജി ഗുരുവായൂര്‍ തുടങ്ങിയവര്‍


കാക്കി, വണ്‍വേ ടിക്കറ്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ചിത്രമാണ് സമസ്ത കേരളം പി.ഒ.ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ജയറാമിന്റെ ഹിറ്റ് ചിത്രമായ 'വെറുതെ ഒരു ഭാര്യ' യുടെ തിരക്കഥാകൃത്ത് ഗിരീഷ് കുമാര്‍ ആണ്.


തോനക്കര പഞ്ചായത്തിലെ വാര്‍ഡ് മെമ്പറാണ് പ്രഭാകരന്‍. തികഞ്ഞ ഗാന്ധിയന്‍ കൂടിയാണ് പ്രഭാകരന്‍. എല്ലാം സത്യസന്ധമായി ചെയ്യണം എന്ന് ആഗ്രഹിക്കുന്നവന്‍. പല തവണ ഇലക്ഷനില്‍ മത്സരിച്ച് തോല്‍വി ഏറ്റുവാങ്ങിയ പ്രഭാകരന്‍ ഒരു തവണ ജയിക്കുന്നു. പക്ഷെ ഇത് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തീരെ ഇഷ്ടപ്പെടുന്നില്ല. എന്തിലും കയറി ഇടപെടുന്ന പ്രഭാകരന്റെ രീതികള്‍ രണ്ടു കൂട്ടര്‍ക്കും തലവേദനയാകുന്നു.

പ്രഭാകരന്റെ വീട്ടിലെ ഒരു അംഗമാണ് രാധ. എപ്പോഴും അധ്വാനിക്കുന്ന ഒരു പെണ്‍കുട്ടിയാണ് രാധ. പ്രഭാകരന്റെ അച്ഛന് വഴിയില്‍ കിടന്ന് കിട്ടിയതാണ് അവളെ. ബോംബൈയില്‍ ഉള്ള അമ്മാവന്റെ വീട്ടിലാണ് പ്രഭാകരനും അമ്മയും രാധയും കഴിയുന്നത് ഒരു ദിവസം ബോബെയിലുള്ള പ്രഭാകരന്റെ അമ്മാവനും മകളും നാട്ടില്‍ എത്തുന്നു. എന്നാല്‍ ഇവര്‍ എത്തുന്നത് പ്രഭാകരന് ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ അഴിമതികളെ എതിര്‍ക്കുന്ന പ്രഭാകരനെതിരെ എല്ലാവരും തിരിയുന്നു... പ്രഭാകരനെ ചതിയില്‍ പെടുത്തുന്നു.. അവസാനം പ്രഭാകരന്‍ നല്ലവനാണെന്ന് നാട്ടുകാര്‍ക്ക് മനസിലാകുന്നു...


ഹൊ!! പടം കണ്ടുതീര്‍ക്കാന്‍ ഞാന്‍ പെട്ടപാട്... ജയറാം ഇത്രയായിട്ടും പഠിച്ചില്ലേ??? അല്ലാ ഞാന്‍ ഇത്രയും കിട്ടിയിട്ടും പഠിച്ചില്ലേ??? “വെറുതെ ഒരു ഭാര്യ” ഗിരീഷ് കുമാറിന്റെ തൂലികയില്‍ അബധത്തില്‍ ഉണ്ടായി എന്ന് ഇത് കണ്ടാല്‍ ആരും സശയിച്ച്പോകും... അതോ ബിപിന്‍ പ്രഭാകരന്‍ പറ്റിച്ച പണിയാണോ എന്തായാലും ഈ സിനിമ സമസ്തകേരളത്തിലും മഷിയിട്ട് നോക്കേണ്ടിവരും ഒരാഴ്ച്ചക്കുള്ളില്‍..... ബാക്കി കാര്യങ്ങളെകുറിച്ചൊന്നും പറഞ്ഞ് ഞാന്‍ എന്റെ സമയവും നിങ്ങളുടെ സമയവും കൊല്ലുന്നില്ലാ...

ഈ സിനിമയൊക്കെ കാണുന്ന സമയത്ത് രണ്ട് തെങ്ങിന് തടമെടുത്തിരുന്നേല്‍ അത്രയുമായേനേ....


നിയമപ്രകാരമുള്ള മുന്നറിയിപ്പ്: പടത്തില്‍ സുരാജ് ഉണ്ട് സൂക്ഷിക്കുക

എന്റെ റേറ്റിങ്ങ്: 1/5

Apr 1, 2009

2 ഹരിഹര്‍ നഗര്‍


കഥ,തിരക്കഥ,സംവിധാനം: ലാല്‍
നിര്‍മ്മാണം: ലാല്‍ ക്രിയേഷന്‍സ്
സംഗീതം: അലക്സ് പോള്‍
അഭിനേതാക്കള്‍ : മുകേഷ്, സിദ്ധിഖ്, ജഗദീഷ്, അശോകന്‍, അപ്പഹാജ, വിനീത്, സലിംകുമാര്‍, ജനാര്‍ദ്ദനന്‍, ലക്ഷ്മി റായ്, രോഹിണി തുടങ്ങിയവര്‍...


സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി നടനും നിര്‍മ്മാതാവുമൊക്കെയായ ലാല്‍ ആദ്യമായി സ്വന്ത്രസംവിധായകനാകുന്ന ചിത്രമാണ് “2 ഹരിഹര്‍ നഗര്‍”. സംവിധായകനായ ലാലിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥയും.


ജോണ്‍ ഹോനയും മായയും പ്രശ്നങ്ങളും എല്ലാം തീര്‍ന്നിട്ട് വര്‍ഷം പതിനെട്ട്‌ കഴിഞ്ഞു. മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദന്‍ കുട്ടിയും തോമസ്സ്‌ കുട്ടിയുമൊക്കെ ഇന്ന്‌ നല്ല നിലയില്‍ ജീവിയ്‌ക്കുന്നു.


നാല്‍വര്‍ സംഘത്തിലെ പ്രധാനിയായ മഹാദേവന്‍ ഇന്ന്‌ ഗള്‍ഫിലാണ്‌. ഭാര്യ സുലുവുമായി അത്ര രസത്തിലല്ല ഏക മകള്‍ മീനു. അപ്പുക്കുട്ടന്‍ ഇന്ന്‌ ഡോക്ട്ടര്‍ ആണ് ഡോ:അപ്പുക്കുട്ടന്‍ ബോംബെയില്‍ ഡെന്റിസ്റ്റാണ്‌. ഭാര്യ ജാനകിയും ഒപ്പം ഇരട്ടക്കുട്ടികളും.

സംഘത്തിലെ മൂന്നാമന്‍ ഗോവിന്ദന്‍ കുട്ടി നാട്ടില്‍ തന്നെ ബിസ്സിനസ്സുമായി കഴിയുന്നു. കണ്‍സ്ട്രക്ഷന്‍ വര്‍ക്കാണ്

എന്നാല്‍ പഴയ പെണ്‍ വിഷയത്തില്‍ ആര്‍ക്കും ഒരു മാറ്റവും വന്നിട്ടില്ല...

തോമസ് കുട്ടിയുടെ വിവാഹ നിശ്ചയത്തിന് ഇവര്‍ ഒത്തുകൂടുന്നു‌. വിവാഹം വരെ പഴയ പോലെ അടിച്ചു പൊളിയ്ക്കാന്‍ ഇവര്‍ തീരുമാനിച്ചതോടെ ‍ഹരിഹര്‍ നഗറിലെക്ക് വീണ്ടും വരുന്നു

ഇതിനിടയില്‍ അവര്‍ ഒരു പെണ്‍കുട്ടിയെ കണ്ടു മുട്ടി. “മായ“. അവരുടെ വില്ലയ്‌ക്ക്‌ മുന്നില്‍ തന്നെയാണ്‌ മായയും താമസിയ്‌ക്കുന്നത്‌. പെണ്ണ്‌ ഇപ്പോഴും വീക്ക്നസ് ആയി കൊണ്ടുനടക്കുന്ന നാല്‍വര്‍ കൂട്ടം മായയുടെ പിന്നാലെ കൂടുന്നു...പിന്നീട് അവര്‍ ചെയ്ത് കൂട്ടുന്ന തമാശകളും ഉണ്ടാക്കുന്ന പ്രശ്നങ്ങളും ഇച്ചിരി സസ്പെന്‍സും ഒക്കെയാണ് ബാക്കി...


ഫസ്റ്റ് ഹാഫില്‍ തിയേറ്ററില്‍ ചിരിയൊഴിഞ്ഞിട്ട് നേരമില്ലാ... സെക്കന്റ് ഹാഫ് കുഴപ്പമില്ല ഫസ്റ്റ് ഹാഫിന്റെ ആ ഒരു ഒരു ‘മജ’ സെകന്റ് ഹാഫിനില്ലാ പക്ഷേ അപ്രതീക്ഷിതമായ പല സസ്പെന്‍സുകളും സെക്കന്റ് ഹാഫിലുണ്ട് ... നിലവാരമുള്ള അനവധി തമാശകള്‍ ഉണ്ട് ചിത്രത്തില്‍. ജഗദീഷിനാണ് ഏറ്റവും കൂടുതല്‍ കയ്യടി... മുകേഷും സിദ്ധിക്കും അശോകനും ഒപ്പത്തിനൊപ്പം ഉണ്ട്... ഇന്‍ ഹരിഹര്‍ നഗറിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളായ ഏകാന്ത ചന്ദ്രികയും ഉന്നം മറന്നുമൊക്കെ ഇതില്‍ റീമിക്സ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ട്... സിനിമയുടെ അവസാനമുള്ള ഗാനത്തില്‍ ഇന്‍ ഹരിഹര്‍ നഗറിലെ കഥാപാത്രങ്ങള്‍ എത്തുന്നുണ്ട്.. ഒപ്പം ഈ സിനിമയിലെ കഥാപാത്രങ്ങളും.... പടത്തിനെ കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലാ കണ്ടില്ലെങ്കില്‍ ഒരു നഷ്ട്ടമായിരിക്കും...




റേറ്റിങ്ങ് 4.5/5

Mar 26, 2009

സാഗര്‍ ഏലിയാസ് ജാക്കി


ഛായാഗ്രഹണം,സംവിധാനം: അമല്‍ നീരദ്
കഥ,തിരക്കഥ,സംഭാഷണം: എസ് എന്‍ സ്വാമി
നിര്‍മ്മാണം: ആശിര്‍വാദ് സിനിമാസ് (ആന്റണി പെരുമ്പാവൂര്‍)
സംഗീതം: ഗോപി സുന്ദര്‍
അഭിനേതാക്കള്‍ : മോഹന്‍ലാല്‍, സുമന്‍, വിനായകന്‍, നെടുമുടി, ഭാവന, ശോഭന, മനോജ് കെ ജയന്‍, ജഗതി, ഗണേശന്‍ തുടങ്ങിയവര്‍


ബിഗ്‌ ബിക്ക്‌ ശേഷം അമല്‍ നീരദ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഇരുപതാം നൂറ്റാണ്ട് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ നായകനായ ജാക്കിയെ പുതിയ കാലത്തേക്ക് പറിച്ചുനടുകയാണ് എസ് എന്‍ സ്വാമി എന്നാല്‍ ഇരുപതാംനൂറ്റാണ്ടിന്‍റെ രണ്ടാം ഭാഗമായി സാഗര്‍ ഏലിയാസിനെ കാണരുത്‌ എന്നാണ്‌ തിരക്കഥാകൃത്ത് പറയുന്നത്‌. ഇരുപതാംനൂറ്റാണ്ടില്‍ നിന്നും നായകനേയും ചില കഥാപാത്രങ്ങളേയും മാത്രമേ പുതിയ സിനിമയിലേക്ക്‌ എടുത്തിട്ടുള്ളു.


ഇരുപതാംനൂറ്റാണ്ടിലെ നായകനായ സാഗര്‍ എന്ന ജാക്കി കേരളത്തിലെ അധോലോക രാജാവായിരുന്നെങ്കില്‍ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ രാജ്യാന്തരതലത്തിലേക്ക്‌ വളര്‍ന്നു കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടില്‍ സാഗറിന്‍റെ വലംകൈയ്യായിരുന്ന അശോകനും കൂടെയുണ്ട്‌. സാഗറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പഴയ ബിസ്ക്കറ്റ് കച്ചവടം നിര്‍ത്തി ഇപ്പോ കോണ്‍‌ട്രാക്റ്റാണ്. കണ്‍സ്ട്രക്ഷന്‍... ചിലപ്പോ ‘പണിയും’ ചിലപ്പോ ‘പൊളിക്കും’ മറ്റാര്‍ക്കും നടത്താനാകാത്ത മിഷനുകള്‍ ഏറ്റെടുത്ത് നടത്തുകയാണ് ഇപ്പോള്‍ സാഗറിന്റെ പണി. ഒപ്പം റിസോട്ടുകളും ഉണ്ട്
തന്റെ സുഹൃത്തും കേരളാമുഖ്യമന്ത്രിയുടെ മരുമകനുമായ മനോജ് കെ ജയനെ ആരോതട്ടിക്കൊണ്ട്പോയി എന്ന് അറിഞ്ഞ് അവനെ കണ്ടെത്താന്‍ നാട്ടിലെക്ക് വരികയാണ് സാഗര്‍ ആ മിഷനില്‍ പലരെയും സാഗര്‍
നൈന,റൊസാരിയോ ബ്രദേര്‍സ് തുടങ്ങിയവരെ ശത്രുക്കളാക്കുന്നു.. പിന്നീട് ഇവരുടെ പക പോക്കലാണ് ചിത്രത്തിന്റെ ബാക്കി കഥ ഇതിനിടയില്‍ ആരതി മേനോന്‍ എന്ന സി എന്‍ എന്‍ റിപ്പോര്‍ട്ടറും സാഗറിന്റെ പുറകെ ഉണ്ട്...

സംഭാഷണങ്ങള്‍ കുറച്ച് വിഷ്വലുകളിലൂടെ കഥപറയുന്ന രീതിയാണ് ഈ ചിത്രത്തിലും അമല്‍ നീരദ് സ്വീകരിച്ചിരിക്കുന്നത്. മികച്ച ക്യാമറവര്‍ക്കും അതിനെ പൂര്‍ണമായും സപ്പോര്‍ട്ട് ചെയ്യുന്ന ബാഗ്രൌണ്ട് മ്യൂസിക്കും ചിത്രത്തിന്റെ മുതല്‍കൂട്ടാണ്.. റെഡ് ചില്ലീസില്‍ ലാലിനെ ഒരുവിധമൊക്കെ സ്റ്റൈലായി കണ്ടതുകൊണ്ടാണോ എന്നറിയില്ല ലാലിന്റെ ഡ്രസ്സ് കോഡ് അത്രയൊന്നും എന്നെ ആകര്‍ഷിച്ചില്ല. ഇരുപതാം നൂറ്റാണ്ടിലെ തീം മ്യൂസിക്ക് ചെറുതായി ഒന്ന് പരിഷ്ക്കരിച്ച് ഇതിലും ഉപയോഗിച്ചിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങളും കുഴപ്പമില്ല. എന്നാല്‍ ഭാവനയുമായുള്ള പ്രണയരംഗങ്ങള്‍ വേണോ എന്ന് തോന്നിപ്പോയി ലാലിന് തീരെ മാച്ചിങ്ങല്ല ഭാവന എന്നാല്‍ ഭാവന തന്റെ കഥാപാത്രത്തെ വളരെ നന്നായി അവതരിപ്പിക്കുകതന്നെ ചെയ്തു... ലേറ്റസ്റ്റ് മോഡല്‍ കാറുകള്‍, ഗണ്‍സ്,ഡ്രസ്സിങ്ങ് അങ്ങനെ ഒരു വിഷ്വല്‍ മാജിക്ക് ക്രിയേറ്റ് ചെയ്യാന്‍ അമല്‍ നീരദിന് സാധിച്ചു. ബാല,ജോതിര്‍മയി എന്നിവര്‍ ഗസ്റ്റ് റോളില്‍ ചിത്രത്തിലുണ്ട്... മോഹന്‍ ലാലിന്റെ മകനായ പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെ അവസാനം ഒരു സീനില്‍ ഒന്ന് മിന്നി മറയുന്നുണ്ട്...

യുവജനങ്ങളെ ആകര്‍ഷിക്കാന്‍ ഈ ചിത്രത്തിന് സാധിക്കും തീര്‍ച്ച എന്നാല്‍ പടം രക്ഷപെടണമെങ്കില്‍ സ്ത്രീപ്രേക്ഷകര്‍ കൂടി തിയേറ്ററില്‍ എത്തണം അങ്ങനെ എത്തിക്കാന്‍ ലാലിനും സഘത്തിനും കഴിഞ്ഞാല്‍ പിന്നെ ഈ ചിത്രത്തിന്റെ സ്ഥാനം ഹിറ്റ് ചാര്‍ട്ടില്‍ ആയിരിക്കും


എന്റെ റേറ്റിങ്ങ് 4/5

Feb 28, 2009

ഇത് ഞങ്ങളുടെ ലോകം


കഥ,തിരക്കഥ,സംവിധാനം: ശ്രീകാന്ത് അടല
സംഭാഷണം: സതീഷ് മുതുകുളം (മലയാളം)
നിര്‍മ്മാണം: ദില്‍ രാജു (ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ്)
സംഗീതം: മിക്കി ഐം മേയര്‍
അഭിനേതാക്കള്‍ : വരുണ്‍ സന്ദേശ്. ശ്വേതാ പ്രസാദും,പ്രകാശ് രാജ്,ജയസുധ തുടങ്ങിയവര്‍


സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രമായാ “കോത്ത ബങ്കരു ലോകം“ മൊഴിമാറി എത്തിയതാണ് ‘ഇത് ഞങ്ങളുടെ ലോകം’. ഈ സൂപ്പര്‍ഹിറ്റ് പ്രണയകഥ ശ്രീകാന്ത് അഡലയുടെ ആദ്യ സംവിധാന സംരംഭമാണ്. ഹാപ്പി ഡേയ്‌സിലൂടെ ശ്രദ്ധേയനായ വരുണ്‍ സന്ദേശാണ് നായകന്‍. നായിക ശ്വേതാ പ്രസാദും.രെദഖ് ആര്‍ട്സിന്റെ ബാനറില്‍ കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിച്ചത് ഖാദര്‍ ഹസനാണ്.

കൃഷ്‌ണമൂര്‍ത്തിയുടെയും ഭാര്യയുടെയും (പ്രകാശ് രാജ്, ജയസുധ) ഏക മകനാണ് ബാലു (വരുണ്‍ സന്ദേശ്). ബാലുവിന്റെ അച്‌ഛന്‍ മകനോട്ഒരു സുഹൃത്തിനെ പോലെ ആണ് പെരുമാറുന്നത്. അവന് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു. കോളജിലെത്തുന്ന അവന്‍ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നു. അവരുടെ സ്വകാര്യ നിമിഷങ്ങള്‍ ഒരു പത്രത്തില്‍ അച്ചടിച്ച് വരുന്നു ഇതറിയുന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ (അഹുതി പ്രസാദ്‌) മകള്‍ സ്വപ്‌നയെ (ശ്വേത). വിവാഹം കഴിപ്പിക്കാന്‍ അച്‌ഛന്‍ തീരുമാനിക്കുന്നു. സ്വപ്‌ന ബാലുവുമൊത്ത് ഒളിച്ചോടാന്‍ നിശ്‌ചയിച്ചെങ്കിലും കൃഷ്‌ണമൂര്‍ത്തിയുടെ അപകട മരണം മൂലം അവള്‍ക്ക് ബാലുവിനെ കാണാ‍ന്‍ കഴിഞ്ഞില്ല. അച്‌ഛന്റെ സ്വപ്‌നം സഫലമാക്കാനായി നന്നായി പഠിക്കാന്‍ ബാലു നിശ്‌ചയിക്കുന്നു. അവന്‍ എന്‍‌ജിനീയറിംഗ് പൂര്‍ത്തിയാക്കിയ ദിവസം സ്വപ്‌നയുടെ അച്‌ഛനെ അപ്രതീക്ഷിതമായി കാണുന്നു. സ്വപ്‌ന തങ്ങളുടെ രണ്ടു പേരുടെയും കൂടെയില്ലെന്ന് അവര്‍ ഇരുവരും അന്നാണ് മനസിലാക്കുന്നത്.പിന്നെ ചെറിയ ഒരു സസ്പെന്‍സ്(?)


ഒരു തെലുങ്ക് പടം അതിന്റെ എല്ലാ സ്വഭാവവും ഇതിലും കാണിച്ചിട്ടുണ്ട്.... എന്ത് പറയാന്‍ നായികയെ കാണാന്‍ കൊള്ളാവുന്നതുകൊണ്ട് കണ്ടിരുന്നു.... ഉള്ളത് പറയണമല്ലേ നല്ല പിക്ചറൈസേഷന്‍ ഗാനങ്ങള്‍(സീനുകള്‍ മാത്രം) നന്നായിട്ടുണ്ട്... പിന്നെ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഒരു ഗാനവും നന്നായിട്ടുണ്ട്... ഒരു പൈങ്കിളി പ്രേമം അങ്ങനെയെ സിനിമയെ വിശേഷിപ്പിക്കാനാകൂ... തെലുങ്കില്‍ ഇതൊക്കെ നടക്കും മലയാളത്തില്‍ ഇച്ചിരി കഷ്ട്ടപ്പെടും ഹസ്സന്‍ ചേട്ടന്‍...

നമ്മുടെ ലൈഫ് ഈസ് ബ്യൂട്ടിഫുള്ളിലെ മോഹന്‍ ലാലിന്റെ ക്ലാസില്ലേ??? അത് കോപ്പിയടിച്ചിട്ടുണ്ട് ഈ സിനിമയില്‍
അപ്പോ തെലുങ്കമ്മാരും മലയാളപടം കാണാറുണ്ടല്ലേ???? അതോ ഇനി വല്ല ഹോളീവുഡ് പടത്തില്‍ നിന്നും ആണോ ഫാസിലും ആ സംഭവം പൊക്കിയത്?

എന്തായാലും നമ്മുടെ കളേഴ്സിനെകാളും സിങ്കപ്പൂരിനെകാളും കണ്ടിരിക്കാന്‍ പറ്റിയ പടം ആണ് ഇത്.... ഇച്ചിരി ഓവര്‍ അഭിനയം ആണെന്നേ ഉള്ളൂ വേറെ വല്യ കുഴപ്പം ഒന്നും ഇല്ല പടത്തിന് പിന്നെ മലയാളികള്‍ക്ക് ദഹിക്കാന്‍ പറ്റാത്ത
കഥയും മലയാളികള്‍ക്ക് ഇപ്പോഴും 40വയസ്സ് കഴിഞ്ഞവര്‍ വേണമല്ലോ കോളേജ് പയ്യമ്മാരുടെ വേഷം ചെയ്യാന്‍!!!

റേറ്റിങ്ങ് 2/5

Feb 15, 2009

റെഡ് ചില്ലീസ്


സംവിധാനം: ഷാജി കൈലാസ്
കഥ,തിരക്കഥ, സംഭാഷണം: ഏ കെ സാജന്‍
നിര്‍മ്മാണം:രജപുത്ര മൂവീസ്
സംഗീതം:എം ജയചന്ദ്രന്‍
അഭിനേതാക്കള്‍ : മോഹന്‍ലാല്‍, സിദ്ദിഖ്, ബിജുമേനോന്‍, ഗണേശന്‍, തിലകന്‍, സുകുമാരി തുടങ്ങിയവര്‍

ഓട്ടേറെ ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമായ റെഡ് ചില്ലീസ് വാലന്റൈന്‍സ് ദിനത്തില്‍ റിലീസായി. ലാല്‍-ഷാജി കൂട്ടുകെട്ടിന്റെ അവസാന ചിത്രങ്ങളായ ബാബാ കല്യാണി,അലിഭായ് തുടങ്ങിയവ പ്രേക്ഷകരില്‍ വലിയ ചലനമൊന്നും സൃഷ്ട്ടിച്ചിട്ടുണ്ടായിരുന്നില്ല. ഏ കെ സാജന്‍-കൈലാസ് കൂട്ടുകെട്ടിന്റെ ചിന്താമണി കൊലക്കേസ് വലിയ ഹിറ്റായിരുന്നു എന്നാല്‍ അതിന് ശേഷം ഈ കൂട്ടുകെട്ടിനും വലിയ ഹിറ്റുകളൊന്നും സമ്മാനിക്കാനായിരുന്നില്ല.

സിങ്കപ്പൂരിലെ വലിയ ബിസിനസ്‌മാനാണ് ഒ എം ആര്‍(ലാല്‍) ഇദ്ദേഹത്തിന്റെ യഥാര്‍ഥ ബിസിനസ്സ് എന്താണെന്ന് ആര്‍ക്കും അറിയില്ല എണ്ണകച്ചവടമാണെന്നും ആയുദ്ധക്കച്ചവടമാണെന്നും അല്ല അധോലോക നായകനാണെന്നും പറയുന്നവരും ഉണ്ട്. ഒ എം ആര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഒന്‍പത് പെണ്‍കുട്ടികള്‍(റെഡ് ചില്ലീസ്) ഒ എം ആറിന്റെ റേഡിയോ(ക്ലബ് എഫ് എം) യില്‍ ജോക്കീസ് ആണ് കൂടാതെ ഇവര്‍ ഒരു മ്യൂസിക്ക് ബാന്റ് കൂടിയാണ്. ന്യൂയിര്‍ ദിനത്തില്‍ ഇവരെ കാണാന്‍ ഒ എം ആര്‍ വരുന്നു കൂടാതെ ഇവറില്‍ ഒരാളെ ഒ എം ആര്‍ കമ്പനിയുടെ ചീഫ് ആക്കും എന്നും അറിയിക്കുന്നു ഇവര്‍ ആരും ഒ എം ആറിനെ നേരില്‍ കണ്ടിട്ടില്ല. ഇവര്‍ ന്യൂയിര്‍ ദിനത്തില്‍ ഒരു അപകടത്തില്‍ ചെന്ന് ചാടുന്നു ഇവരെ രക്ഷിക്കാന്‍ ഒ എം ആര്‍ വരുന്നു. ഇതാണ് ബേസിക്ക് തീം....

മോഹന്‍ ലാലിനെ മാക്സിമം സ്റ്റൈലിഷ് ആക്കാന്‍ ഷാജി കൈലാസ് കണിഞ്ഞ് പരിശ്രമിച്ചിട്ടുണ്ട് എന്നാല്‍ “ടൈഗര്‍“, “ചിന്താമണി” എന്നീ ചിത്രങ്ങളില്‍ കൈലാസ് കാണിച്ച ആങ്കിളുകള്‍, സ്ലോമോഷന്‍,ഷോട്ട്സ് ഇതില്‍ കൂടുതല്‍ ഒന്നും പുള്ളിക്ക് ഇതിലും ചെയ്യാന്‍ പറ്റിയിട്ടില്ല എന്നാല്‍ മോഹന്‍ലാലിന്റെ സ്ക്രീന്‍ പ്രസന്‍സ് ഈ കുറവുകള്‍ നികത്തുന്നു.
ഒരു ഹാഷ് ബുഷ് കഥ. കുറേ ശരീരം കാണിച്ച് ഇംഗ്ലീഷും ചവച്ച് തുപ്പി നടക്കുന്ന പെണ്‍ കുട്ടികള്‍. ഓവര്‍ സെന്റി. ഇതൊക്കെ നമ്മള്‍ ചിന്താമണിയിലും കണ്ടതാണല്ലോ അതൊക്കെതന്നെ ഇതിലും. എം ജയചന്ദ്രന്റെ പാട്ട് പോര... പടത്തിന്റെ സ്പീഡിനോടും ഷോട്ട്സിനൊടും ഒത്ത് പോകുന്നില്ല പാ‍ട്ട്... എന്നാല്‍ രാജാമണിയുടെ പശ്ചാത്തല സംഗീതം കിടുക്കന്‍... (ബോണ്ട് തീമും ചോര വീണ മണ്ണില്‍നിന്നും ഒക്കെ കട്ടിട്ടുണ്ടേലും) ഒരു ഹാഷ് ബുഷ് കഥയും പറഞ്ഞ് ഒടുക്കം കൊന്നവന്‍ തന്നെ ചത്തത് എന്നപോലെ ഒരു യമകണ്ടന്‍ സസ്പെന്‍സും കൊണ്ട് വെച്ചാല്‍ പടം കലക്കും എന്നാണോ സാജന്‍ ചേട്ടനും കൈലാസന്‍ ചേട്ടനും ധരിച്ച് വച്ചിരിക്കുന്നത് ????

കൈപ്പും ഉപ്പും മൊളകും പുളിപ്പും മധുരവും ഒക്കെ ചേര്‍ത്തപ്പോ കുഴപ്പമില്ലാത്ത ഒരു ടേസ്റ്റ് കിട്ടുന്നത് പോലെ ഈ “ചുവന്ന മുളക്” വല്യ കുഴപ്പമില്ല....

എന്തായാലും ലാലും മമ്മൂട്ടിയും തമ്മിലുള്ള ഈ യുദ്ധത്തിലും വിജയം ലാലിന് തന്നെ. ലാലിന്റെ ആരാധകന്മാര്‍ക്ക് ആഘോഷിക്കാന്‍ പഞ്ച് ഡയലോഗ്സും ഡബിള്‍ മീനിങ്ങ് ഡയലോഗ്സും ചിത്രത്തില്‍ ധാരാളാം ഉണ്ട് .

ലൌ ഇന്‍ സിങ്കപ്പോര്‍ കണ്ട തിയേറ്ററില്‍ നിന്ന് തന്നെയാണ് ഞാന്‍ ചില്ലീസും കണ്ടത്...
ലൌ ഇന്‍ സിങ്കപ്പോറിന് തിയേറ്റര്‍ പകുതിയില്‍ അധികവും കാലിയായി കിടന്നപ്പോള്‍ ചില്ലീസിന് എനിക്ക് ഫസ്റ്റ് ഷോക്ക് ടിക്കറ്റ് കിട്ടിയില്ല എന്റെ ജീവിതത്തില്‍ ആദ്യമായി റിലീസ് പടത്തിന് ടിക്കറ്റ് കിട്ടാതെ അടുത്ത ഷോക്ക് ക്യൂ നിന്ന് പടം കണ്ടു..

എന്റെ റേറ്റിങ്ങ് 2.5/5

Feb 7, 2009

ഹെയ്‌ലസ


സംവിധാനം: താഹ
കഥ,തിരക്കഥ: സജി ദാമോദര്‍,താഹ
നിര്‍മ്മാണം: കിച്ചു ഫിലിംസ്
സംഗീതം:ഔസേപ്പച്ചന്‍
അഭിനേതാക്കള്‍ : സുരേഷ്‌ഗോപി, ലാലു അലക്‌സ്, തിലകന്‍, മുക്ത, വിജയരാഘവന്‍, സുരാജ്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു തുടങ്ങിയവര്‍...

ഉണ്ണികൃഷ്ണന്‍(സുരേഷ് ഗോപി) വെറും 5ആം ക്ലാസും ഗുസ്തിയുമായി തന്റെ വളര്‍ത്തച്ഛന്റെ(വിജയരാഘവന്‍) വളം കമ്പനിയില്‍ പണിയെടുത്ത് നടക്കുന്ന ഒരു നാട്ടുമ്പുറത്തുകാരനാണ് തന്റെ വളര്‍ത്തച്ഛന്‍ ചയ്യുന്ന ഒരു കുറ്റം ഏറ്റെടുത്ത് ഇയാള്‍ നാട് വിടുന്നു. വളര്‍ത്തച്ഛന്റെ യഥാര്‍ഥ മകനായ ഉല്പലാക്ഷന്‍(സുരാജ്) അയച്ച ഒരു സഹായിയെ ആവശ്യമാണെന്ന പരസ്യവും കൊണ്ടാണ് കൃഷ്ണന്‍ നാട് വിടുന്നത് .ഗണപതി അയ്യര്‍ കോടീശ്വരനാണ്. ദീര്‍ഘനാളത്തെ വിദേശവാസത്തിനുശേഷം ഇദ്ദേഹം നാട്ടില്‍ തിരിച്ചെത്തുന്നു. എന്തോ കാര്യമായ പ്രശ്‌നം അയ്യരെ അലട്ടുന്നുണ്ട്. ആ പ്രശ്‌നം പരിഹരിക്കാന്‍ അയാള്‍ക്കൊരു സഹായിയെ വേണം. സഹായിക്കുവേണ്ടി പത്രത്തില്‍ പരസ്യംകൊടുത്ത അയ്യരുടെ അടുക്കലാണ് ഉണ്ണികൃഷ്ണന്‍ എത്തുന്നത്. ആദ്യം നീരസം തോന്നിയെങ്കിലും അയാളിലെ സത്യസന്ധത ബോധ്യപ്പെട്ട അയ്യര്‍ കൃഷ്ണനെ സഹായിയായി നിയമിക്കുന്നു. ഇതിനിടെ കൃഷ്ണന്റെ സുഹൃത്തായ ഉത്പലാക്ഷനും ഇവരോടൊപ്പം ചേര്‍ന്നു. കാണാതായ തന്റെ ഭാര്യയെയും മകളെയും കണ്ടെത്തികൊടുക്കണമെന്ന് അയ്യര്‍ കൃഷ്ണനോട് ആവശ്യപ്പെടുന്നു. അയ്യരുടെ ആവശ്യം കേട്ട കൃഷ്ണനും ഉത്പലാക്ഷനും വളരെ നേരത്തെ ആലോചനയ്ക്കുശേഷം ഗണപതിഅയ്യരുടെ ആവശ്യം ഏറ്റെടുക്കാന്‍ തയ്യാറാകുന്നു. രോഗം കൂടി അത്യാസന്ന നിലയിലാകുന്ന അയ്യരെ രക്ഷിക്കാന്‍ ഒരു ഡ്യൂപ്ലിക്കേറ്റ് മകളെ കാണിച്ച് കൊടുക്കാന്‍ അവര്‍ തീരുമാനിക്കുന്നു. അങ്ങനെ അവിടെ ശാലിനി(മുക്ത) എത്തുന്നു. കൃഷ്ണന്റെ അന്വേഷണത്തില്‍ അയ്യരുടെ ഭാര്യയും മകളും മരിച്ചു എന്ന് അറിയുന്നു ഗണപതി അയ്യരുടെ പഴയ സുഹൃത്തായിരുന്ന ഈശ്വരന്‍ നമ്പൂതിരി(തിലകന്‍)യില്‍നിന്നാണ് കൃഷ്ണന്‍ ഈ വിവരം അറിയുന്നത് . പിന്നീട് ശാലിനിയെ ഓടിക്കാന്‍ കൃഷ്ണനും ഉല്പനും നടത്തുന്ന ശ്രമങ്ങളാണ് കഥ എന്ന് പറയപ്പെടുന്നത് .

സുരേഷ് ഗോപിക്ക് തിയേറ്ററിലെക്ക് ആളെകയറ്റാനുള്ള കഴിവ് പൂര്‍ണമായും നഷ്ട്ടപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ റിലീസിങ്ങ് സെന്ററിലെ തിരക്ക്(എന്റെ നാട്ടില്‍) എന്നാല്‍ ഇത്തരം പടങ്ങളില്‍ അഭിനയിച്ചുകൊണ്ടിരുന്നാല്‍ ഗോപിച്ചേട്ടന്‍ വീണ്ടും വീട്ടില്‍ ഇരിക്കേണ്ടിവരും എന്നതിന്റെ തെളിവായിരുന്നു തിയേറ്ററില്‍ ഉയര്‍ന്ന കൂവലുകള്‍....(എന്നാലും കളേഴ്സിനെകാളും സഹിക്കബിളായിരുന്നു) മൊത്തത്തില്‍ ഒരു 5-8 വര്‍ഷം മുന്‍പ് എടുക്കേണ്ടിയിരുന്ന സിനിമ, ഗോപിച്ചേട്ടന്റെ കോമഡി എന്ന സാഹസം, ടോം&ജെറി മോഡല്‍ തമാശകള്‍ ഇങ്ങനെ ഒരുവിധം പ്രേക്ഷകനെ കൊല്ലാനുള്ള എല്ലാ വിഭവങ്ങളുമുണ്ട് ചിത്രത്തില്‍. അനില്‍ പനച്ചൂരാന്‍, ഷിബു ചക്രവര്‍ത്തി, രാജീവ് ആലുങ്കല്‍, ഔസേപ്പച്ചന്‍ ടീമിന്റെ സംഗീത്തിന് പ്രേക്ഷകരില്‍ വലിയ ഓളം ഉണ്ടാക്കാന്‍ സാധിച്ചില്ല. എന്നാലും ചെറിയ ചെറിയ തമാശകളൊക്കെയുണ്ട് ചിത്രത്തില്‍.... സമയം പോകാന്‍ മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍ ബാക്കി തമിഴ്,ഹിന്ദി ചിത്രങ്ങള്‍ എല്ലാം കണ്ടുതീര്‍ന്നെങ്കില്‍ ഒരു പ്രതീക്ഷയും വെക്കാതെ ഒന്ന് കണ്ടുനോക്കൂ.... ചിലപ്പോ വല്യ കുഴപ്പം വരില്ല.

പിന്നെ ചിത്രത്തിന്റെ ടൈറ്റിലിനെ കുറിച്ച്.... വെറും നിഷ്കളങ്ക നിരക്ഷരകുക്ഷിയായ നായകന് ഫൈറ്റ് ചെയ്യണമെങ്കില്‍ ആരേലും ഹെയ്‌ലസ...ഹെയ്‌ലസ... എന്ന് പ്രോത്സാഹിപ്പിക്കണം. അതാ ഈ പേര് :(

കളേഴ്‌സിനെകാളും ലൌ ഇന്‍ സിങ്കപ്പോറിനെക്കാളും കണ്ടിരിക്കബിള്‍ ആണ് ഈ ചിത്രം

എന്റെ റേറ്റിങ്ങ് 1.5

Jan 29, 2009

കളേഴ്സ്

സംവിധാനം:രാജ്ബാബു
കഥ,തിരക്കഥ,സംഭാഷണം:വി സി അശോകന്‍
നിര്‍മ്മാണം: അരോമ മണി
സംഗീതം: സുരേഷ് പീറ്റഴ്‍സ്
അഭിനേതാക്കള്‍ :ദിലീപ്, വിനു മോഹന്‍‍, റോമ, ഭാമ,ശരണ്യ, ഇന്നസെന്റ്, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയവര്‍

കങ്കാരു എന്ന ചിത്രത്തിനുശേഷം രാജ്ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത് ചെസ്സ് എന്ന ചിത്രത്തിന്‍് ശേഷം ദിലീപും രാജ്ബാബുവും വീണ്ടും ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നു(എന്തിന്?) സുനിതാപ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരോമ മണി നിര്‍മ്മിക്കുന്ന ഈ ചിത്രം അരോമയുടെ 58മത്തെ ചിത്രമോ മറ്റോ ആണ്

ചുരുക്കിപ്പറഞ്ഞാല്‍(അത്രയേ പറ്റൂ) ലഫ്നന്റ് കേണല്‍ ഡോ:രാജലക്ഷ്മിയും(ശരണ്യ) അവരുടെ രണ്ട് മക്കളായ പിങ്കി(റോമ)യുടെയും പൂജ(ഭാമ)യുടെയും കഥ(?)യാണ് ഇത്. ആണിന്റെ സ്വഭാവവും പെണ്ണിന്റെ രൂപവുമുള്ള പിങ്കി അവള്‍ കളേസ് എന്ന പറ്റിക്കത്സ് ഷോയുടെ ആങ്കര്‍ ആണ് പൂജ ഒരു സ്കൂള്‍ ടീച്ചറും. പിങ്കിയുടെ ഷോയുടെ ക്യാമറാമാനും കൂട്ടുകാരനുമാണ് വിനുമോഹന്റെ കഥാപാത്രം ഇവരുടെ ഇടയിലെക്ക് സഞ്ചു(ദിലീപ്) വരുന്നു
പിങ്കിയും സഞ്ചുവും കീരിയും പാമ്പും പോലെ പിന്നെ ഒരു ഫൈറ്റ് അത് കഴിഞ്ഞ് ലൌ ഇതറിയാതെ അമ്മ പൂജയും സഞ്ചുവുമായുള്ള കല്യാണം ഉറപ്പിക്കുന്നു പിന്നെ ഇച്ചിരി സെന്റിയും ഒരു ഫൈറ്റും അങ്ങനെ ഒരു കൂതറ കഥ.

ദിലീപാണ് നായകന്‍ എന്ന് ഒരു വിശ്വാസം മാത്രമാണ് ഇന്റര്‍വെല്ലിന് തൊട്ടുമുന്‍പാണ് അദ്ദേഹം വരുന്നത് റോമയുടെ ചോക്ലേറ്റിലും മറ്റും കണ്ട് മടുത്ത ആണത്വമുള്ള പെണ്‍ വേഷം ഈ ചിത്രത്തിലും നല്ല കൂതറയായി റോമ അവതരിപ്പിച്ചിരിക്കുന്നു ഭാമയും ഒരു നായികയാണ് എന്നൊക്കെ പറയുന്നുണ്ടേലും അവിടെയും ഇവിടെയും വന്ന് പോകുന്നതല്ലതെ കാര്യമായി ഒന്നും ചെയ്യാനില്ലാ ആര്‍ക്കും കോമഡിയാണെന്ന പേരില്‍ കുറേ ചവറ് (അത് എത്രയോ ഭേദം)
കാട്ടിക്കൂട്ടി ഒപ്പിച്ചീരിക്കുന്നു പാട്ടിന്റെ കാര്യമാണേല്‍ പറയാനില്ല സുരേഷ് പീറ്റേഴ്സ് ഈ പണി നിര്‍ത്തി അറിയാവുന്ന വല്ല പണിക്കും പോകുന്നതാണ് നല്ലത്.. കൂടുതല്‍ പറഞ്ഞ് ഞാന്‍ എന്റെ തൊണ്ടയിലെ വെള്ളം വറ്റിക്കുന്നില്ല. ഇല്ലേല്‍തന്നെ രണ്ട് മണിക്കൂര്‍ കൂവി തൊണ്ട അടഞ്ഞിരിക്കുകയാ.... പണ്ടാരമടങ്ങാന്‍ ഇത്രയും കേട്ടിട്ടും നിങ്ങള്‍ക്ക് പടത്തിന് പോകണം എന്ന് തോന്നുന്നുണ്ടേല്‍ അത് നിങ്ങളുടെ വിധി “മുജ്ന്മപാപം“ ...

റേറ്റിങ്ങ് : 0(മൈനസ് കൊടുക്കാന്‍ പറ്റുമെങ്കില്‍ ഞാന്‍ അതു കൊടുത്തേനേ)

Jan 28, 2009

ലവ് ഇന്‍ സിങ്കപ്പോര്‍


കഥ,തിരക്കഥ,സംഭാഷണം,സംവിധാനം: റാഫിമെക്കാര്‍ട്ടിന്‍
നിര്‍മ്മാണം: റാഫി
സംഗീതം: സുരേഷ് പീറ്റഴ്‍സ്
അഭിനേതാക്കള്‍ : മമ്മൂട്ടി, നവനീത് കൌര്‍,നെടുമുടി,ജയസൂര്യ,സുരാജ്,ബിജുക്കുട്ടന്‍,സലീം കുമാര്‍ തുടങ്ങിയവര്‍


തെരുവില്‍ പാട്ടപറക്കി നടന്നവനായിരുന്നു മച്ചു(മമ്മൂട്ടി) പിന്നെ അവന്‍ വളര്‍ന്ന് കോടീശ്വരനാകുന്നു അവന്‍ ജനങ്ങളുടെ കണ്ണിലുണ്ണി(കരട്?) ആകുന്നു മച്ചുവിന്റെ കോളനിയില്‍ താമസിക്കാന്‍ വരുന്ന സായിപ്പ്(നെടുമുടി) എന്ന ഷെയര്‍ മാര്‍ക്കറ്റ് കണ്‍സട്ടെന്റ് മച്ചുവിനെ ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നു പിന്നെ പണമൊക്കെ അടിച്ച് മാറ്റി സിങ്കപ്പോരേക്ക് പോകുന്നു ആ പണമൊക്കെ സായിപ്പിന്റെ മകളുടെ പേരിലാണ് ഉള്ളത് അത് തിരിച്ച് കിട്ടാന്‍ മച്ചു അവളെ മാത്രമേ കല്യാണം കഴിക്കു എന്ന് തീരുമാനിച്ച് സായിപ്പിനെയും മകളെയും കണ്ട് പിടിക്കാന്‍ സിങ്കപ്പോരേക്ക് പോകുന്നു
കണ്ട് പിടിക്കുന്നു ഇതാണ് ചിത്രത്തിന്റെ തീം.....

റാഫിമെക്കാര്‍ട്ടിന്‍ മാരില്‍ നിന്ന് ഇങ്ങനെ ഒരു ചതി നാട്ടുകാര്‍ ആരും പ്രതീക്ഷിച്ച് കാണില്ല മറ്റാരേയും നിര്‍മ്മിക്കാന്‍ കിട്ടാത്തതുകൊണ്ടായിരിക്കണം റാഫി തന്നെ ആ പാതകം ഏറ്റെടുത്തത് പതിവ് പോലെതന്നെ “ബിജുക്കുട്ടനും സുരാജും ഈ ചിത്രത്തിലും നമ്മെ കോമഡി(?) അപാര തീരത്തേക്ക് കൊണ്ട് പോകുന്നു” ഇവരെ സഹിക്കുക വല്യ കഷ്ട്ടമായിരിക്കുന്നു മമ്മൂട്ടിയുടെ മായാബസാര്‍ കണ്ടിട്ടും അടുത്ത ചിത്രത്തിന് റിലീസ് ദിവസം തന്നെ പോയ എനിക്ക് ഇത് തന്നെ കിട്ടണം
അക്കരെ അക്കരെ അക്കരെയില്‍ മോഹന്‍ലാലും ശ്രീനിവാസനും ഇട്ട തരത്തിലുള്ള കോട്ട് ഇട്ട് ചുമ്മാ നടക്കുക കുറേ കാശ് ചിലവാക്കി ജാക്കറ്റും ഗ്ലാസും വെക്കുക ഇതില്‍ കൂടുതല്‍ ഒന്നും ചിത്രത്തില്‍ ചെയ്തിട്ടില്ല അതും പോട്ടെ നെടുമുടിയില്‍ നിന്നും ഇത്തരം ഒരു കഥാപാത്രം..... അമ്മേ... താടും മുടിയും കളര്‍ ചെയ്ത് ബബള്‍ഗം ചവച്ച് കോട്ടിട്ടാല്‍ സായിപ്പാകുമോ??????ബാക്കിയുള്ളവരൊക്കെ ചിത്രത്തില്‍ മിന്നിമറയുന്നു എന്നല്ലാതെ കാര്യമായി ആര്‍ക്കും ഒന്നും ചെയ്യാനില്ലാ... ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരു കഥാപാത്രം ചിത്രത്തില്‍ ഉണ്ടെങ്കില്‍ അത് മച്ചു സായിപ്പിന്റെമോളെ പെണ്ണ് കാണുന്ന രംഗത്തിലെ ആ കഥാപാത്രമാണ്

പാട്ടുകളെ കുറിച്ച് പറയാതിരിക്കുകയാണ് ഭേദം ചുമ്മാ ഒരു കാട്ടിക്കൂട്ടല്‍... മൂളിനടക്കാന്‍ ഒരു വരിപോലും ഇല്ലാ
ഒരു പാ‍ട്ടില്‍ മമ്മൂട്ടി റാമ്പില്‍(?) ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു അല്ല മമ്മൂട്ടിക്ക് ഗാനരംഗങ്ങളില്‍ ചെയ്യാന്‍ അതില്‍ കൂടുതല്‍ ഒന്നും ഇല്ലാല്ലോ??!! എന്തായാലും 2009ലെ മമ്മൂട്ടിയുടെ ആദ്യ ചിത്രം പരാജയപ്പെടാന്‍ തന്നെയാണ് സാധ്യത

റേറ്റിങ്ങ് 1.5